ജയൻ ഓർമ്മയായിട്ട്  നാല്പത്കാലം. (അനശ്വര നടന്റെ ജീവിതം പ്രമേയമായി നോവൽ വരുന്നു)

മലയാളത്തിന്റെ സ്വന്തം ജയൻ ഓർമ്മയായിട്ട് നാല്പത്കാലം . നാല്പത് കാലം എന്ന പ്രയോഗം ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിൽ നിന്ന് കടം കൊണ്ടതാണ് . ജയന്റെ ജീവിതവും ഇതിഹാസ സമാനമായിരുന്നുവല്ലോ . 1939 ജൂലൈ 25 ന് കൊല്ലം ജില്ലയിലെ തേവള്ളി ( ബാങ്ക് പരീക്ഷാ കോച്ചിങ് സ്ഥാപനങ്ങൾക്ക് പേരുകേട്ട സ്ഥലമാണിന്നിത് ) എന്ന സ്ഥലത്താണ് ജയൻ ജനിച്ചത് . കൃഷ്ണൻ നായർ എന്നായിരുന്നു യദാർത്ഥ പേര് . പതിനഞ്ച് വർഷക്കാലത്തെ നാവിക സേനാ ജീവിതത്തിന് ശേഷം സിനിമയിലെത്തിയപ്പോഴാണ് ജയൻ എന്ന പേര് സ്വീകരിച്ചത് . ശാപമോക്ഷമായിരുന്നു ആദ്യ സിനിമ .

ജയന്‍ അവിസ്മരണീയമാക്കിയ ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്.ശരപഞ്ചരം, മൂര്‍ഖന്‍, മനുഷ്യമൃഗം, ഗർജജനം എന്നിവ അതിൽ ചിലത് മാത്രം . കേവലം ആറ് വര്‍ഷങ്ങള്‍ കൊണ്ട് മലയാളത്തിലെ അതുല്യ നടനായി അദ്ദേഹം മാറി . ആ പ്രതിഭയുടെ തിളക്കം ഇതിൽ നിന്ന് തന്നെ  മനസിലാക്കാം. നൂറ്റിയിരുപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു . മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി. 1983ല്‍ തിയറ്ററിലെത്തിയ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയറ്ററിലെത്തിയത്.

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ മരിക്കുന്നത് . നാൽപ്പത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം . അക്കാലത്തെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍. ജയനെപ്പോലെ വസ്ത്രം ധരിക്കുകയും സംസാരിക്കുകയും ജീവിക്കുകയും ചെയ്ത ഒത്തിരി ആരാധകരെ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം സൃഷ്ടിച്ചു . പക്ഷേ അതൊരിക്കലും ഇന്നത്തെ മിമിക്രിക്കാർ ചെയ്യും പോലുള്ള കോപ്രായം കാട്ടലായിരുന്നില്ല . അവരുടെ ആരാധനാമൂർത്തിയെ ജീവിതത്തിൽ പകർത്തലായിരുന്നു . ഇന്നത്തെ മിമിക്രിക്കാർ ജയനെ ആക്ഷേപിക്കുന്നതിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് വേദനയുണ്ട് . നടൻ മധു പറഞ്ഞത് ഇങ്ങനെ – ” ജീവിച്ചിരുന്നെങ്കിൽ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യത ജയനുണ്ടായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ജയൻ. സിനിമയ്ക്കുവേണ്ടി ജീവൻ ബലികൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാർ എന്തുമാത്രം അപഹസിച്ചു എന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്”

ജയന്റെ ജീവിതം നോവലാവുന്നു
അനശ്വരനടന്റെ ജീവിതം പറയുന്ന ”ജയന്റെ അജ്ഞാത ജീവിതം” എന്ന നോവൽ പുറത്തിറങ്ങാനൊരുങ്ങുന്നു . പ്രശസ്ത നോവലിസ്റ്റും ഗ്രന്ഥാലോകം മാസികയുടെ അസിസ്റ്റന്റ്  എഡിറ്ററുമായ എസ് ആർ ലാൽ രചിച്ച നോവൽ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത് . നോവലിന്റെ കവർ പ്രകാശനം ജയന്റെ നാല്പ്പതാം ചരമദിനമായ ഇന്ന് നടക്കും . പുസ്തകം ഡിസംബറിൽ  പുറത്തിറങ്ങും . നോവലിനെ കുറിച്ച് എസ് ആർ ലാൽ പറയുന്നു – ”നമുക്കുമുണ്ട് അജ്ഞാത ജീവിതം. അപരന്റെ ഉള്ളിലെ ആ ജീവിതം വെളിപ്പെടാത്തിടത്തോളം അത് അജ്ഞാതമായിത്തന്നെ തുടരും.
ഇതാ, ജയന്റെ ആ അജ്ഞാത ജീവിതം
നോവലിലൂടെ പറയാൻ ശ്രമിക്കുന്നത് ഇത്രമാത്രം.”

തയ്യാറാക്കിയത്
അനു പി ഇടവ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക