Wednesday, March 22, 2023

ജെഎന്‍യുവില്‍ ധര്‍ണ നടത്തുന്നവര്‍ക്ക് 20000 രൂപ പിഴ; അക്രമം നടത്തുന്നവരുടെ അഡ്മിഷന്‍ റദ്ദാക്കും

ധര്‍ണകളും അക്രമങ്ങളും നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപപടികളുമായി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല.

ധര്‍ണ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപ പിഴ ഈടാക്കുമെന്ന് ജെഎന്‍യു അധികൃതര്‍ അറിയിച്ചു. അക്രമം നടത്തുന്നവരില്‍ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കുകയും ഇവരുടെ അഡ്മിഷന്‍ റദ്ദാക്കുകയും ചെയ്യും. പത്തു പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങളാണ് ജെഎന്‍യു പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 3 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. വിവാദ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി സര്‍വകലാശാലയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇത്തരം നടപടികളിലേക്ക് നീങ്ങിയത്.

പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ, ജെഎന്‍യുവിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. തടഞ്ഞുവെയ്ക്കല്‍, ചൂതാട്ടം നടത്തല്‍, ഹോസ്റ്റല്‍ മുറികളില്‍ അതിക്രമിച്ചു കയറല്‍, അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ 17 കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ പുതിയ പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതികളുടെ പകര്‍പ്പ് രക്ഷിതാക്കള്‍ക്കും അയക്കും.

സര്‍വ്വകലാശാലയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള തീരുമാനമെടുക്കുന്ന ബോഡിയായ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ പെരുമാറ്റച്ചട്ടത്തിന് അംഗീകാരം നല്‍കിയതായും അധികൃതര്‍‌ അറിയിച്ചു. എന്നാല്‍, വിഷയം അധിക അജണ്ടയായി കൊണ്ടുവന്നതാണെന്നും കോടതി നടപടികള്‍ക്കു വേണ്ടിയാണ് പുതിയ പെരുമാറ്റച്ചട്ടെ തയ്യാറാക്കിയിരിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന കേസുകള്‍ യൂണിവേഴ്സിറ്റിയിലെ പരാതി പരിഹാര സമിതിക്ക് പരിശോധിക്കാം. ലൈംഗികാതിക്രമം, റാഗിംഗ്, വര്‍ഗീയ സംഘര്‍ഷങ്ങള്‍ മുതലായവയെല്ലാം ചീഫ് പ്രോക്ടറുടെ ഓഫീസിന്റെ പരിധിയില്‍ വരും. വിഷയം ജുഡീഷ്യല്‍ പരിധിയില്‍ പെടുന്നതാണെങ്കില്‍, കോടതിയുടെ ഉത്തരവും നിര്‍ദ്ദേശവും അനുസരിച്ച്‌ ചീഫ് പ്രോക്ടറുടെ ഓഫീസ് നടപടിയെടുക്കുമെന്നും പുതിയ ചട്ടങ്ങളില്‍ പറയുന്നു.

നിരാഹാരസമരങ്ങള്‍, ധര്‍ണകള്‍, സര്‍വകലാശാലയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിക്കൊണ്ടുള്ള മറ്റേതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങള്‍ മുതലായവക്ക് 20,000 രൂപ വരെ പിഴ ചുമത്തും. പഴയ നിയമങ്ങള്‍ അനുസരിച്ച്‌, ഘരാവോ, പ്രകടനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക്, അഡ്മിഷന്‍ റദ്ദാക്കുന്നതും സര്‍വലാശാലയില്‍ നിന്ന് പുറത്താക്കുന്നതുമായിരുന്നു ശിക്ഷകള്‍.

പുതിയ നിയമങ്ങള്‍ സ്വേച്ഛാധിപത്യപരമാണെന്നും ഇത് തുഗ്ലക് പരിഷ്കാരങ്ങളാണെന്നും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ജെഎന്‍യുവിലെ സെക്രട്ടറി വികാസ് പട്ടേല്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ പഴയ പെരുമാറ്റച്ചട്ടം തന്നെ മതിയാകുമെന്നും പുതിയ പെരുമാറ്റച്ചട്ടം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാംപസിലെ സുരക്ഷയും ക്രമസമാധാനവും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, വിദ്യാര്‍ത്ഥി സമൂഹവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് ജെഎന്‍യു അഡ്മിന്‍ ഈ ക്രൂരമായ പെരുമാറ്റച്ചട്ടം അടിച്ചേല്‍പ്പിച്ചതെന്നും അത് പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യമെന്നും വികാസ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചുള്ള പ്രതികരണം തേടി പിടിഐ അയച്ച മെസേജുകളോടും കോളുകളോടും ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ് പ്രതികരിച്ചില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img