കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5000 പേര്‍ ജ്യോതി ദര്‍ശിച്ചു. സന്നിധാനത്തു നിന്ന്‌ മാത്രമേ ഇത്തവണ മകരജ്യോതി ദര്‍ശിക്കാനായുള്ളൂ.

 

ശബരിമല: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5000 പേര്‍ ജ്യോതി ദര്‍ശിച്ചു. നേരത്തേ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. സന്നിധാനത്തു നിന്ന്‌ മാത്രമേ ഇത്തവണ മകരജ്യോതി ദര്‍ശിക്കാനായുള്ളൂ. പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുപാറ തുടങ്ങി സാധാരണ തീർത്ഥാടകര്‍ തടിച്ചു കൂടാറുള്ള സ്ഥലങ്ങളില്‍ നിന്നൊന്നും മകരവിളക്ക് കാണാന്‍ അനുവദിച്ചില്ല. മകരവിളക്കിനോടനുബന്ധിച്ച് പന്തളത്തു നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര അഞ്ചരയോടെ ശരംകുത്തിയിലെത്തി. അവിടെ ദേവസ്വം അധികൃതര്‍ ഘോഷയാത്രയെ സ്വീകരിച്ചു. പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം ഇത്തവണ രാജപ്രതിനിധികള്‍ ഘോഷയാത്രയെ അനുഗമിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ട ചടങ്ങുകള്‍ ഉണ്ടായില്ല. പെട്ടി തുറന്നുള്ള തിരുവാഭരണ ദര്‍ശനവും വഴി നീളെയുള്ള സ്വീകരണവും കോവിഡ് കാരണം ഒഴിവാക്കിയിരുന്നു. സന്നിധാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് ദീപാരാധന നടന്നു. തത്സമയം പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു.
പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടു വന്ന തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക്‌ മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ദേവസ്വം ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക