മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം.

മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പലയിടങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ ടി ജലീലിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സംഘത്തെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിൽ വിന്യസിച്ചിട്ടുള്ളത്.

 

ജലീലിന്റെ രാജി ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ മാര്‍ച്ച്‌ നടത്തി. കോഴിക്കോട് എംഎസ്‌എഫ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. മലപ്പുറത്തും കോട്ടയത്തും എറണാകുളത്തും എംഎസ്‌എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി.

 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. കെഎസ്‍യുവിന്‍റെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ സംഗമം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇന്നലെ രാത്രി 9.25ഓടെ മന്ത്രി ഔദ്യോഗിക വസതിയിൽ എത്തിയ ശേഷം യൂത്ത് കോൺഗ്രസ്, യുവമോർച്ച, എബിവിപി പ്രവർത്തകർ പ്രതിഷേധവുമായെത്തി വീടിന്‍റെ മുമ്പിലെ റോഡിൽ കുത്തിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക