തൃശ്ശൂര്‍: മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം. നടനായും ഗായകനായും തിളങ്ങി ഓരോ പ്രേക്ഷകരിലും ഇടം നേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയില്‍ ജീവിച്ചു.
മണിയുടെ അസാന്നിധ്യത്തിലും അദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇന്നും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കില്‍ പിന്നീട് നായകനായും വില്ലനായും കലാഭവന്‍ മണി ബിഗ് സ്ക്രീനില്‍ നിറഞ്ഞുനിന്നു.
കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ സിനിമയിലെത്തിയ മണി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തകര്‍ത്തഭിനയിച്ചു. ഇതര ഭാഷകളിലും ഒന്നാന്തരം നടനായി മാറി. സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത് സ്റ്റേജില്‍ പാട്ടുപാടി ആള്‍ക്കൂട്ടത്തിനൊപ്പം തന്നെ മണി നിന്നു. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കി മാറ്റി. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവായിരുന്നു. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍ റൗണ്ടറായിരുന്നു കലാഭവന്‍ മണി.
എന്നാല്‍ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നില്‍ക്കുമ്ബോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണി മരണപ്പെടുന്നത്. മരിയ്ക്കുമ്ബോള്‍ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം.