കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൂടുതൽ പേരുടെ കൊവിഡ് പരിശോധനാഫലം പുറത്ത് വന്നു. 877 പേരിൽ 53 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
ആകെ 1,017 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 877 പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇതിൽ 53 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന വിഭാഗം ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ 53 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്.

 

 

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ, അസി. കളക്ടർ, സബ് കളക്ടർ, എസ്പി, എഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.

 

 

ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടമുണ്ടായത്. ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് പിളരുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 19 പേർ മരിച്ചിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക