Thursday, March 30, 2023

‘കാസര്‍കോ‌ട് സര്‍ക്കാര്‍ കോളേജില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ അനാശാസ്യം, പ്രതിഷേധം ഇത് ചോദ്യം ചെയ്തതിനാല്‍’- മുന്‍ പ്രിന്‍സിപ്പല്‍

കാസര്‍കോട്: കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍‌ത്ഥികളെ പൂട്ടിയിട്ട സംഭവത്തില്‍ ചുമതലയില്‍ നിന്ന് നീക്കിയതിന് പിന്നാലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാസര്‍കോട് സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ എം രമ.

ക്യാംപസിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ എം രമ പൂട്ടിയിട്ടത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്ന് രമയെ നീക്കിയത്.

എസ് എഫ് ഐക്കാരുടെ നേൃതത്വത്തില്‍ ക്യാംപസില്‍ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നും രമ ആരോപിച്ചു. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് തന്റെ ഭാഗം കേള്‍ക്കാതെയാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എം രമ വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുടിവെള്ള പ്രശ്നത്തില്‍ പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ തനിക്കുമുന്നില്‍ ഇരിക്കാന്‍ പാടില്ലെന്ന നിലപാടെടുത്ത പ്രിന്‍സിപ്പല്‍ ഈ വെള്ളം തന്നെ കുടിച്ചാല്‍ മതി,തനിക്കിപ്പോള്‍ സമയമില്ലെന്ന് പ്രതികരിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതോടെ പ്രിന്‍സിപ്പല്‍ എം രമ പുറത്തിറങ്ങി ചേംബറിനുള്ളില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം രമ ഉപയോഗിച്ചതെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥികളെകൊണ്ട് കാലുപിടിപ്പിച്ച വിവാദത്തില്‍ ഇടംനേടിയയാളാണ് എം രമ.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോളേജ് താത്‌കാലികമായി അടച്ചിരിക്കുകയാണ്. വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img