കാക്കിക്കുള്ളിലെ ധീരനായ കലാകാരൻ ,ഔദ്യോഗിക തിരക്കുകൾക്കിടയിലും കലാ കായിക രംഗങ്ങളിൽ ശോഭിക്കുന്നവരാണ് നമ്മുടെ പോലീസ് സേനയിലുള്ളത് , എന്നാൽ, അതിലും വളരെ വ്യത്യസ്തമായി കലാമേഖലകളിലും പൊതുപ്രവർത്തനത്തിലും ഉദ്യോഗത്തിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഒരു പ്രതിഭയായ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഷെബിനെ പരിചയപ്പെടാം..

ഔദ്യോഗിക തിരക്കുകൾക്കിടയിലും കലാ കായിക രംഗങ്ങളിൽ ശോഭിക്കുന്നവരാണ് നമ്മുടെ പോലീസ് സേനയിലുള്ളത് . സാമൂഹിക പ്രവർത്തനവും അവർക്ക് അന്യമല്ല എന്ന് തെളിയിക്കുകയാണ് .  എന്നാൽ, അതിലും വളരെ വ്യത്യസ്തമായി കലാമേഖലകളിലും പൊതുപ്രവർത്തനത്തിലും ഉദ്യോഗത്തിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഒരു പ്രതിഭയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ മുഹമ്മദ് ഷെബിൻ. ഈ കോവിഡ് കാലഘട്ടത്തിൽ ഒരുതരി സമയം മാറ്റിവയ്ക്കാൻ ഇല്ലാത്ത സാഹചര്യത്തിലും കലാജീവിതത്തിനും പൊതു പ്രവർത്തനത്തിനും സമയം കണ്ടെത്തിയിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ.

 

നമ്മൾ മിക്കവരും ഒരു ഓലപാമ്പിനെ കാണുമ്പോൾ തന്നെ ഭയചകിതരാകും. പാമ്പുകളെക്കുറിച്ചുള്ള കഥകൾ കേൾക്കുമ്പോൾ അവ സ്വപ്നത്തിൽ നമ്മെ ഭയപ്പെടുത്താറുമുണ്ട്. എന്നാൽ, ഷെബിന് പാമ്പുകളെ ഭയമില്ലായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ അദ്ദേഹം പാമ്പുകളെ പിടിച്ചിട്ടുണ്ട്. അവയും ഭൂമിയുടെ അവകാശികളാണെന്നും ആ നിരുപദ്രവകാരികളെ ഉപദ്രവിക്കരുതെന്നും അദ്ദേഹം നമ്മെ ബോധവാന്മാരാക്കുന്നു.

സ്കൂൾ ജീവിതത്തിൽ തന്നെ എൻ.സി.സി. യിൽ സജീവമായിരുന്ന ഷെബിന് അവിടുന്ന് ലഭിച്ച ക്ലാസുകളിലൂടെ പാമ്പുകളെ എങ്ങനെ പിടിക്കണം എന്ന് പഠിച്ചിരുന്നു. ഏതെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരു പാമ്പിനെ എങ്ങനെ നേരിടണമെന്ന് ഷെബിന് നന്നായി അറിയാം. തൻറെ ഉദ്യോഗ ജീവിതത്തിൽ പല തവണ അദ്ദേഹത്തിന് പാമ്പിനെ പിടിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ, തൻറെ മാതാപിതാക്കൾക്ക് എല്ലാ മേഖലകളിലും ഒരുപോലെ അദ്ദേഹം സജീവമാകുന്നത് താല്പര്യം ആണെങ്കിലും ‘കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്’ എന്നു പറയുന്നതുപോലെ അവർക്ക് ആശങ്കയും ഭയവും ഉണ്ടായിരുന്നു. കുടുംബങ്ങൾ ഉപദേശരൂപേണ പറയുമെങ്കിലും ഷെബിന് തൻറെതായ നിലപാടുകൾ ഉണ്ടായിരുന്നു. ആ ഒരു മനസ്സാണ് അദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്.

 

സംസ്ഥാന തലത്തിൽ ഇന്ന് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറിൻറെ പാമ്പുപിടുത്ത പരിശീലനത്തിൽ അദ്ദേഹം പങ്കെടുക്കുകയും അവിടെ നിന്ന് സർട്ടിഫിക്കറ്റും ടൂൾസും ലഭിക്കുകയും ചെയ്തു. അത് അദ്ദേഹത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് പ്രോത്സാഹനമായിരുന്നു. ജനവാസമേഖലയിൽ പാമ്പുകളെ കണ്ടെത്തിയാൽ വനംവകുപ്പിൻറെ സർപ്പ എന്ന മൊബൈൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്താൽ 25 കിലോമീറ്റർ ചുറ്റളവിൽ വോളണ്ടിയർ മാരോ വനം വകുപ്പ് ജീവനക്കാരോ സ്ഥലത്തെത്തി പാമ്പുകളെ സുരക്ഷിതമായി പിടികൂടുമെന്നും ഇത് ഒരു സൗജന്യ സേവനം ആണെന്നും സെബിൻ പറയുന്നു.

പൊതുപ്രവർത്തനവും ഉദ്യോഗവും മാത്രമല്ല അദ്ദേഹത്തിനെ വ്യത്യസ്തനാക്കിയത്. ഷെബിൻ ഒരു കലാകാരൻ കൂടിയാണ്. ഷോർട്ട് ഫിലിം, പാട്ട് എന്നിങ്ങനെ പല കലാരംഗത്തും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ കാക്കിക്കുള്ളിലെ കലാകാരൻ. കുട്ടിക്കാലം മുതൽ കലാരംഗത്ത് കമ്പം ഉണ്ടായിരുന്ന ഷെബിൻ ഇന്നും അത് പിൻതുടരുന്നു. സ്റ്റേജിൽ കയറുവാൻ മുട്ടുവിറയ്ക്കുന്ന ഏത് തലമുറയിലുള്ളവർക്കും ഒരു പ്രചോദനമാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ.

 

നിലവിൽ കോട്ടയം ഡിസ്റ്റിക് പോലീസിൻറെ സോഷ്യൽ മീഡിയ സെല്ലിൻറെ ടീമിൽ കോർ ടീം മെമ്പർ കൂടിയാണ് ഷെബിൻ. ജനങ്ങൾക്ക് പാട്ടുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ബോധവൽക്കരണം നൽകുക എന്നതാണ് ഈ ടീമിൻറെ ലക്ഷ്യം. എല്ലാ മൂന്നുമാസം കൂടുമ്പോഴും രക്തദാനം നിർവഹിക്കുകയും ഇപ്പോൾ 38 തവണയോളം രക്തദാനം ചെയ്തിട്ടും ഉള്ള വ്യക്തിയാണ് ഷെബിൻ. അതുപോലെതന്നെ കോട്ടയം ജില്ലയിലെ “ബ്ലഡ് ഡൊണേറ്റ് കേരള’ എന്ന രക്തദാന സംഘടനയുടെ വോളണ്ടിയർ കൂടിയാണ് ഇദ്ദേഹം. മെഡിക്കൽ കോളേജ്, മാത, കാരിത്താസ് എന്നീ വിവിധ ഹോസ്പിറ്റലുകളിൽ ബ്ലഡ് ആവശ്യമുള്ള രോഗികൾക്ക് വേണ്ടി പോലീസ് കെയർ ഓഫ് വഴി രക്തം നൽകി വരികയും ചെയ്യുന്നു.

ഏതെങ്കിലും മാനസിക സംഘർഷം അനുഭവിക്കുന്ന സമയം വിഷമിച്ചിരിക്കാതെ അതിലും വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ കുറിച്ച് ആലോചിക്കുമ്പോൾ തീർന്നുപോകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആണ് തനിക്കെന്ന് ചിന്തിക്കുന്ന മുഹമ്മദ് ഷെബിൻ എന്ന മനുഷ്യൻറെ വലിയ മനസ്സിന് ബിഗ് സല്യൂട്ട്.

തൻറെ സഹപ്രവർത്തകരെല്ലാം തനിക്ക് വളരെ പിന്തുണയാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. പോലീസ് ഉദ്യോഗം ലഭിച്ചില്ലായിരുന്നെങ്കിൽ നാടിനെയും പൊതുജനങ്ങളെയും സേവിക്കുവാൻ അധികാരമുള്ള ഏതെങ്കിലും യൂണിഫോം ധരിക്കണം എന്നായിരുന്നു ഷെബിൻറെ ആഗ്രഹം. തൻറെ ആഗ്രഹം പോലെ കോളേജ് പഠനത്തിനിടയിൽ തൻറെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് പോലീസ് ഉദ്യോഗം ലഭിക്കുന്നത്.

സമൂഹം തിരിച്ചറിയാതെ പോയ ഒരുപാട് കലാകാരന്മാർ നമ്മുടെ ഇടയിൽ ഉണ്ട്. അവരോട് ഈ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെയാണ് പറയുന്നത് “എല്ലാത്തിനും അതിൻറെതായ ഒരു സമയമുണ്ട് എന്നു പറയുന്നതുപോലെ എല്ലാത്തിനും തലയിലെഴുത്തും വേണം”. നാം ചെയ്യുന്ന ഏതൊരു നല്ല പ്രവർത്തനത്തിലും പിന്തുണ നൽകാൻ ആരെങ്കിലുമൊക്കെ ഉണ്ടായെങ്കിൽ മാത്രമേ ഏത് മേഖലയിൽ നിന്ന് പോലും ഉയരാൻ സാധിക്കൂ എന്ന് ഈ പോലീസുകാരൻ വ്യക്തമാക്കുന്നു.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തെങ്ങണയിൽ അബ്ദുൽ ഷുക്കൂർ ജാസ്മിൻ ദമ്പതികളുടെ മകനായാണ് മുഹമ്മദ് ഷെബിൻ ജനിച്ചത്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിൻറെ കുടുംബം അദ്ദേഹത്തിൻറെ കുടുംബം.

 

നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല എന്ന് വിധിയെഴുതിയ നാം ഓർക്കേണ്ടത് മുഹമ്മദ് ഷെബിനെ പോലെയുള്ള പ്രവർത്തകരെയാണ്.ഇവരെപ്പോലെയുള്ളവർക്ക് ആദരവും പിന്തുണയും ബഹുമാനവുമാണ് നൽകേണ്ടത്.

ലൈറ്റ് ലൈൻസ് ന്യൂസിനുവേണ്ടി റിപ്പോർട്ടർ : ലക്ഷ്മി പി. എസ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക