തിരുവനന്തപുരം: നഗരത്തിലെ മണക്കാട് വീടിനു മുകളില്‍ ‘വൃക്ക, കരള്‍ വില്‍പനയ്ക്ക്’എന്ന എഴുതിയ ബോര്‍ഡിന്റെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഇപ്പോഴിതാ ഇതിനു വിശദീകരണവുമായി ദമ്ബതികള്‍. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് വൃക്കയും കരളും വില്‍ക്കാന്‍ ഒരുങ്ങിയത്. പരസ്യ ബോര്‍ഡ് സ്ഥാപിച്ചതോടെ വീട്ടുകാരുടെ ഫോണുകളിലേക്ക് നാനാഭാഗങ്ങളില്‍ നിന്ന് ഫോണ്‍ കോളുകളും. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ദമ്ബതികളാണ് ആന്തരിക അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്നു കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
മണക്കാട് പുത്തന്‍ റോഡിലൂടെ ഉള്ള യാത്രയ്ക്കിടെ ശ്രദ്ധയില്‍പ്പെട്ട പരസ്യ ബോര്‍ഡ് കണ്ട് അതില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് മറുപടി. ഉപജീവന മാര്‍ഗമായിരുന്ന ഒറ്റമുറി ജ്യൂസ് കടയില്‍ മറ്റൊരാള്‍ സ്ഥിരതാമസമാക്കിയതോടെ കട നിര്‍ത്തേണ്ടിവന്നു. കൂട്ടിന് 10 ലക്ഷം രൂപയുടെ കടവും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.
സമൂഹമാധ്യമങ്ങളിലൂടെ പരസ്യ ബോര്‍ഡ് വൈറലായതോടെ പോലീസും ജില്ലാ ഭരണകൂടവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.