സംസ്ഥാനത്തെ ആദ്യ ഓണകിറ്റ് മന്ത്രി നേരിട്ട് സമ്മാനിച്ചത് ചലച്ചിത്രതാരം മണിയൻപിള്ള രാജുവിന്; ആദ്യഘട്ടത്തിൽ മുൻഗണന വിഭാഗങ്ങൾക്ക് മാത്രം വിതരണം ചെയ്യുമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി.

തിരുവനന്തപുരം: റേഷന്‍കാര്‍ഡ് വഴി വിതരണം ചെയ്യേണ്ട സൗജന്യ ഓണക്കിറ്റ് നേരിട്ട് മന്ത്രി വീട്ടിലെത്തിച്ച്‌ നല്‍കിയത് വിവാദമാകുന്നു. മന്ത്രി ജിആര്‍ അനിലാണ് നടനും നിര്‍മ്മാതാവുമായി മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ ഓണക്കിറ്റ് നേരിട്ട് എത്തിച്ച്‌ നല്‍കിയത്. ഇതിന്റെ ഫോട്ടോ മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

റേഷന്‍ കടകളിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച്‌ കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ ജവാഹര്‍ നഗര്‍ ഭഗവതി ലെയ്‌നിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എത്തി മന്ത്രി കൈമാറിയത്. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പ് ജൂലൈ 31നാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്.

പാവപ്പെട്ടവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതു സംബന്ധിച്ച്‌ ഉത്തരവും ഇറക്കിയിട്ടുണ്ട്. മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത (നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി) എന്ന വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡിലെ അംഗമാണ് രാജു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണു കാര്‍ഡ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക