കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ ചൊല്ലി കൊച്ചി കോര്‍പറേഷനില്‍ സംഘര്‍ഷം.
കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ എം അനില്‍കുമാറിനെ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാരെ നീക്കാന്‍ കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
പ്രതിഷേധക്കാരെ നീക്കിയാണ് മേയറെ കൗണ്‍സില്‍ ഹാളിലേക്ക് കയറ്റിയത്. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വനിതാ കൗണ്‍സിലര്‍മാരെ പുരുഷ പൊലീസ് മര്‍ദിച്ചെന്നും ആരോപണമുണ്ട്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ കോര്‍പറേഷനില്‍ എത്തിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല.
അതേസമയം, കൗണ്‍സില്‍ യോഗത്തില്‍ ബ്രഹ്മപുരം തീപിടിത്തം ചര്‍ച്ച ചെയ്തതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. 2011 മുതലുള്ള കാര്യങ്ങളില്‍ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതായി മേയര്‍ പറഞ്ഞു. അഗ്നിരക്ഷസേനയില്‍ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കും. ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കുമെന്നും കൂടുതല്‍ മാലിന്യമുണ്ടാക്കുന്നവര്‍ അവരുടെ വളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും മേയര്‍ പറഞ്ഞു.