കൊച്ചി: പഴം-പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ 1476 കോടി രൂപയുടെ ലഹരിക്കടത്ത്; മലയാളി യുവാവ് മുംെബെയില്‍ അറസ്റ്റില്‍.
കാലടി, അയ്യമ്ബുഴ അമലാപുരം സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസി(33)നെയാണു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30-നു മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ 198 കിലോഗ്രാം മെത്താഫെറ്റമിനും ഒന്‍പത് കിലോഗ്രാം കൊക്കെയ്‌നുമാണ് ഓറഞ്ച് നിറച്ച ട്രക്കില്‍നിന്നു പിടികൂടിയത്.
രാജ്യത്തു സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇറക്കുമതിചെയ്ത ഓറഞ്ച് പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍.
ലഹരിക്കടത്തിന്റെ മുഖ്യസൂത്രധാരനെന്നു സംശയിക്കപ്പെടുന്ന മലപ്പുറം ഇന്ത്യാനൂര്‍ സ്വദേശി മന്‍സൂറിനായി തെരച്ചില്‍ ഊര്‍ജിതം. മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് കമ്ബനിയില്‍ വിജിന്റെ സഹോദരന്‍ ഡയറക്ടറാണെന്നും അന്വേഷണസംഘം കണ്ടെത്തി. കോവിഡ് കാലത്താണു വിജിനും മന്‍സൂറും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ദുബായിലേക്കു മാസ്‌ക് കയറ്റുമതിയും വിദേശത്തുനിന്നു പഴം ഇറക്കുമതിയും ആരംഭിച്ചു. പഴം ഇറക്കുമതിയുടെ മറവിലാണു ലഹരിമരുന്ന് കടത്തിയിരുന്നത്. ഇന്ത്യയിലെത്തിക്കുന്ന ലഹരിമരുന്ന് മറ്റ് രാജ്യങ്ങളിലേക്കു കടത്തിയിരുന്നതായി വിജിന്‍ മൊഴിനല്‍കി.
ലാഭത്തിന്റെ 70% വിജിനും ബാക്കി മന്‍സൂറും പങ്കിട്ടിരുന്നതായി ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ തുര്‍ക്കിയില്‍നിന്നും ബ്രസീലില്‍നിന്നും പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഇടപാടുകളായിരുന്നു ഏറെയും. പര്‍ച്ചേസ് ഓര്‍ഡറില്ലാതെ, വാട്‌സ്‌ആപ് മുഖേന ഇടപാടുകള്‍ നടത്തി നികുതി വെട്ടിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ലഹരി വാഹകരെ മന്‍സൂറാണു നിയന്ത്രിച്ചിരുന്നത്.
കൊച്ചി/കാലടി: ദുബായ് കേന്ദ്രമായി വിജിന്‍ വര്‍ഗീസ് യമിതോ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ബിസിനസ് തുടങ്ങിയതു 2020-ല്‍. സ്ഥാപനത്തിന്റെ കാലടിയിലെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതു ദുരൂഹസാഹചര്യത്തിലാണെന്നു നാട്ടുകാര്‍ പറയുന്നു.
എന്നാല്‍, കാലടി മലയാറ്റൂര്‍ റോഡില്‍ ഒരുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന യമിതോ ഇന്റര്‍നാഷണല്‍ ഫ്രൂട്ട്‌സ് ഗോഡൗണില്‍ വിജിലന്‍സും എക്‌െസെസും ചേര്‍ന്നു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 11.30-നു തുടങ്ങിയ പരിശോധന 2.30 വരെ തുടര്‍ന്നു.
വിപണിയില്‍ കിലോയ്ക്ക് 200 രൂപ വിലയുള്ള ആപ്പിള്‍ വിജിന്റെ മൊത്തവ്യാപാരക്കടയില്‍ 100 രൂപയ്ക്കു നല്‍കിയിരുന്നു. വിദേശപഴങ്ങളും കുറഞ്ഞനിരക്കില്‍ നല്‍കിയിരുന്നതായി സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. കാലടി മേഖലയില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നു പോലീസ് അറിയിച്ചു.
ഗോഡൗണില്‍ കേടുവരുന്ന പഴവര്‍ഗങ്ങള്‍ അയ്യമ്ബുഴയുള്ള പറമ്ബില്‍ കൊണ്ടുപോയി നശിപ്പിക്കാറുണ്ടായിരുന്നെന്നു ജീവനക്കാര്‍ മൊഴി നല്‍കി. ഗോഡൗണിനു പിന്നില്‍ ആഡംബരവീടുണ്ട്. ഇത് പുറത്തുനിന്നു നോക്കിയാല്‍ കാണാനാവില്ല. വീട്ടിലേക്കു ഗോഡൗണില്‍നിന്നു പ്രവേശിക്കാവുന്ന കിളിവാതിലാണുള്ളത്. ഗോഡൗണിനു ചുറ്റും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അങ്കമാലിയിലെ കടമുറിയുടെ പേരിലാണു സ്ഥാപനത്തിനു െലെസന്‍സ് എടുത്തത്. ഒരു ജീവനക്കാരന്റെ പേരിലെടുത്ത ഈ മുറി പൂട്ടിക്കിടക്കുകയാണ്. 2018-ല്‍ ഓഫീസ് തുറന്നെങ്കിലും ഏറെക്കാലം പ്രവര്‍ത്തിച്ചില്ല. രണ്ടു ലോഡ് സവാള മാത്രമാണ് ആകെ എത്തിയതെന്നു സമീപത്തെ കടക്കാര്‍ പറഞ്ഞു. ഒന്നരവര്‍ഷം വാടകപോലും കിട്ടിയില്ലെന്നും പിന്നീടു കരാര്‍ പുതുക്കിയില്ലെന്നും കെട്ടിടമുടമ ജെയിംസ് പറഞ്ഞു.