കോതമംഗലം: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കോതമംഗലം കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നന്‍ എന്നയാളാണ് മരിച്ചത്.
വെള്ളാരംകുത്തില്‍നിന്ന് ഉറിയംപട്ടി കോളനിയിലെ താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. പൊന്നനൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. മൂന്നുപേര്‍ക്കുംനേരെയാണ് കാട്ടുപോത്ത് പാഞ്ഞടുത്തത്. എന്നാല്‍ മറ്റ് രണ്ടുപേര്‍ ഓടിരക്ഷപെട്ടതോടെ പൊന്നന്‍ കാട്ടുപോത്തിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
പൊന്നനെ കാട്ടുപോത്ത് കുത്തിവീഴ്ത്തി. ഒപ്പമുണ്ടായിരുന്നവര്‍ സമീപവാസികളെ കൂട്ടിവന്നപ്പോഴേക്കും പൊന്നന്‍ മരണപ്പെട്ടിരുന്നു. വാഹനസൌകര്യമില്ലാത്ത പ്രദേശത്താണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. ഇവിടെ കാട്ടുപോത്തിന്‍റെ സാന്നിദ്ധ്യം നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പൊന്നന്‍റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.