കോട്ടയം: റോഡ് നിര്‍മ്മാണത്തിനായി വഴിയടച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് പരിക്ക്.
ബൈക്ക് യാത്രക്കാരനായ കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ് കയര്‍ കുരുങ്ങിയത്. കയര്‍ കഴുത്തില്‍ കുരുങ്ങിയും നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുമാണ് പരിക്കേറ്റത്.
കോട്ടയം പുളിമൂട് ജംഗ്ഷനിലാണ് സംഭവം. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും സ്ഥാപിച്ചിരുന്നില്ലെന്ന് ജിഷ്ണു പറയുന്നു. റോഡിന് കുറുകെ കയര്‍ കെട്ടിയിട്ടുണ്ട് എന്ന് തിരിച്ചറിയുന്നതിന് തുണിയോ മറ്റോ കെട്ടാന്‍ പോലും തയ്യാറായില്ലെന്നും ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.
ബൈക്ക് ഓടിക്കുന്നതിനിടെ, കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് അടക്കം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയില്‍ കാലിനും കൈയ്ക്കും ഉള്‍പ്പെടെ പരിക്കുണ്ടെന്നും ജിഷ്ണു പറഞ്ഞു. തൊട്ടടുത്ത് എടിഎമ്മില്‍ ഉണ്ടായിരുന്നവരാണ് ഓടിയെത്തിയത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോണ്‍ടാക്ടര്‍ മലയാളിയാണ് എന്ന് അറിഞ്ഞത്. എന്നാല്‍ റോഡ് നിര്‍മ്മാണ സ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ജിഷ്ണു പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.