മധ്യവയസ്ക്കനെ ഹണിട്രാപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റിലായി.
വൈക്കത്താണ് സംഭവം. വെച്ചൂര്‍ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളില്‍ വീട്ടില്‍ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോള്‍ (49), ഓണംതുരുത്ത് പടിപ്പുരയില്‍ വീട്ടില്‍ മഹേഷിന്റെ ഭാര്യ രഞ്ജിനി (37),കുമരകം ഇല്ലിക്കുളംചിറ വീട്ടില്‍ പുഷ്ക്കരന്‍റെ മകന്‍ ധന്‍സ് (39) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് വൈക്കം സ്വദേശിയായ മധ്യവയസ്ക്കനെയാണ് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചത്. കേസില്‍ അറസ്റ്റിലായ രതിമോളുടെ ബന്ധുവാണ് ഇയാള്‍. രതിമോള്‍ റൂഫ് വര്‍ക്ക് ജോലി ചെയ്യുന്ന ഇയാളെ ഇവരുടെ വീടിന്റെ സമീപത്തുള്ള വീട്ടില്‍ ജോലി ഉണ്ടെന്നും, ഇത് നോക്കുവാന്‍ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സമയം ആ വീട്ടുകാര്‍ പുറത്തുപോയിരിക്കുകയാണെന്നും അവര്‍ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയില്‍ ഇരുത്തി. അതിനുശേഷം രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധന്‍സ് മുറിയില്‍ എത്തി ഇവരുടെ വീഡിയോ പകര്‍ത്തുകയുമായിരുന്നു. അതിനുശേഷം മുറിയിലെത്തിയ ആള്‍ പൊലീസാണെന്നും 50 ലക്ഷം രൂപ നല്‍കിയാല്‍ ഒത്തുതീര്‍പ്പാക്കാമെന്നും രതിമോള്‍ മധ്യവയസ്ക്കനോട് പറഞ്ഞു. 50 ലക്ഷം എന്നത് താന്‍ ഇടപെട്ട് ആറ് ലക്ഷം ആക്കിയിട്ടുണ്ടെന്നും രതിമോള്‍ ഇയാളോട് പറഞ്ഞു. അതിനുശേഷം ഇവര്‍ പലപ്പോഴായി മധ്യവയസ്ക്കനില്‍ നിന്ന് പണം വാങ്ങിക്കൊണ്ടിരുന്നു.