കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി റോഡില്‍ നിയന്ത്രണം നഷ്ടമായ കാര്‍ രണ്ടു സ്‌കൂട്ടറുകളിലിടിച്ച ശേഷം കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി.
അപകടത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്കും കാല്‍നടയാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റ മെഡിക്കല്‍ കോളേജ് കാത്ത് ലാബ് ജീവനക്കാരി ദീപയെ (45) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ കോട്ടയം മെഡിക്കല്‍ കോളേജ് റോഡില്‍ കുടയംപടി വട്ടക്കോട്ട ജങ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാര്‍, നിയന്ത്രണം നഷ്ടമായി ഇടവഴിയില്‍നിന്ന് കയറിയെത്തിയ സ്‌കൂട്ടറില്‍ ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ കാര്‍, എതിര്‍ദിശയില്‍നിന്ന് എത്തിയ മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച ശേഷം, ഇതുവഴി നടന്നു വന്ന കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
അപകടത്തിന്റെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ ലഭിച്ചു. ഇടറോഡില്‍നിന്ന് ഇറങ്ങിയെത്തിയ സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചു മാറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനു ശേഷം നിയന്ത്രണം നഷ്ടമായി എതിര്‍ ദിശയില്‍നിന്ന് എത്തിയ സ്‌കൂട്ടറില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിന് ശേഷമാണ് കാല്‍ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്.