Friday, March 31, 2023

കോട്ടയം നഗരത്തിലെ റോഡുകളിൽ അനധികൃതമായി ഡിവൈഡർ ബോർഡുകൾ സ്ഥാപിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വെച്ച് ലക്ഷങ്ങൾ തട്ടുന്നു..! നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളെല്ലാം അനധികൃതമെന്ന്പിഡബ്ലുഡി !

കോട്ടയം : കോട്ടയം നഗരത്തിൽ പിഡബ്ല്യുഡിയുടെയോ നഗരസഭയുടെയോ അനുമതിയില്ലാതെ റോഡുകളിൽ ഡിവൈഡർ ബോർഡുകൾ സ്ഥാപിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വെച്ച് ലക്ഷങ്ങൾ തട്ടുന്നു. 2010 മുതൽ ഇത്തരം പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭയോ , പി ഡബ്ലുഡിയോ ആർക്കും അനുവാദം നല്കിയിട്ടില്ല.

നഗരത്തിലെ ചില ഉന്നതരുടെ ഒത്താശയോടുകൂടി പരസ്യ ബോർഡുകൾ സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടുകയാണ്. ട്രാഫിക്ക് ഐലന്റിലടക്കം ഇത്തരത്തിൽ അനധികൃതമായി പരസ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്നതും അപകടമുണ്ടാക്കുന്നതുമാണ്.

പിഡബ്ല്യുഡി വക റോഡുകളിൽ ഡിവൈഡർ സ്ഥാപിച്ച് പരസ്യം വെയ്ക്കുന്നതിന് ആർക്കെങ്കിലും അനുമതി നൽകിയിട്ടുണ്ടോയെന്നും, ആയതിന് എത്ര രൂപയാണ് ഫീസ് അടച്ചതെന്നും, ഏതെല്ലാം കമ്പനികൾക്കാണ് അനുമതി നല്കിയത് എന്നും തേർഡ് ഐ ന്യൂസ് വിവരാവകാശ നിയമപ്രകാരം പിഡബ്ല്യുഡി ഓഫീസിൽ അന്വേഷിച്ചിരുന്നു. എന്നാൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും , ഇത്തരത്തിൽ എവിടെയെങ്കിലും ആരെങ്കിലും പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും തേർഡ് ഐ ന്യൂസിന് രേഖാമൂലം മറുപടിയും ലഭിച്ചിരുന്നു.

പോലീസിന്റെ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഡിവൈഡർ ബോർഡുകൾ സ്ഥാപിക്കുന്നത്.എന്നാൽ മുൻപുണ്ടായിരുന്ന ലൈസൻസിന്റെ മറവിൽ പത്ത് വർഷത്തോളമായി നഗരത്തിൽ അനധികൃതമായി ഡിവൈഡർ സ്ഥാപിച്ച് അതിൽ പരസ്യം പതിച്ച് പണം തട്ടുകയാണ് ചില കമ്പനികൾ. ഇത് തങ്ങളുടെ കുത്തകയാണെന്നും മറ്റാരും നഗരത്തിൽ ബോർഡുകൾ സ്ഥാപിക്കരുതെന്നുമാണ് ഇവർ വാശി പിടിക്കുന്നത് .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img