കെഎസ്ആർടിസി സർക്കുലർ സർവീസിന് തുടക്കമായി.

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് യാത്ര സാധ്യമാക്കുന്ന വിധത്തിൽ കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് സർവീസ് ആരംഭിച്ചു. കോട്ടയം, നാഗമ്പടം, ബേക്കർ ജംഗ്ഷൻ, ആലുമ്മൂട്, ഇല്ലിക്കൽ, തിരുവാതുക്കൽ, കാരാപ്പുഴ, കലക്ട്രേറ്റ്, കഞ്ഞിക്കുഴി, കളത്തിപ്പടി, കോടിമത, മണിപ്പുഴ, നാട്ടകം കോളേജ്, നാട്ടകം പഞ്ചായത്ത് തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് സർക്കുലർ സർവീസ് നടത്തുന്നത്. രാവിലെ ഏഴു മണി മുതൽ രാത്രി ഏഴു മണി വരെയാണ് സർവീസ്. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സർവീസ് സഹായകമാകുമെന്നാണ് കരുതുന്നത്. ഇപ്പോൾ നഗരത്തിലെത്തുന്ന ആളുകൾക്ക്, നഗരത്തിനുള്ളിലെ തന്നെ വിവിധ സ്ഥലങ്ങളിലേക്ക് കാൽനടയാല്ലാ ഓട്ടോറിക്ഷകളിലോ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ടൗൺ സർവീസ് ലാഭകരമായി കണ്ടാൽ നഗരത്തിനു പുറത്തേക്കും സർക്കുലർ ബസ്സുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി. ഇന്നലെ രാവിലെ കോട്ടയം ഡിപ്പോയിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ഡോ. പി ആർ സോനാ, സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സലിം പി മാത്യു, സെൻട്രൽ സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ എം ടി സുകുമാരൻ, മുൻസിപ്പൽ കൗൺസിലർ ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക