കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്ററെ വിജിലന്‍സ് പിടികൂടി.

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്ററെ വിജിലന്‍സ് പിടികൂടി.

കാഞ്ഞിരപ്പള്ളി ഓഫീസിലെ അസി.ഇന്‍സ്പെക്റ്റര്‍ ശ്രീജിത്ത് പി.എസിനേയാണ് വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്. ഡ്രൈവിംഗ് ലൈസന്‍സിനായി അബ്ദുല്‍ സമദ് എന്ന ഏജന്റില്‍ നിന്നും 6850 രൂപ ദിവസപ്പടി വാങ്ങിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. പൊന്‍കുന്നം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആര്‍.റ്റി ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി.

ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി എത്തിച്ചു നല്‍കിയിരുന്ന ഏജന്റുമാരായ അബ്ദുല്‍ സമദും നിയാസും ആണ് പിടിയിലായത്. പടിയായി കൈക്കൂലി വാങ്ങിയ പണവും വിജിലന്‍സ് സംഘം തൊണ്ടിമുതലായി പിടികൂടി. മാസപ്പടി സംഘത്തില്‍ സുരേഷ് ബാബു, അരവിന്ദ് എന്നീ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്റര്‍മാരും ഉള്ളതായി വിജിലന്‍സ് പറഞ്ഞു.

ഇരുചക്രവാഹന ലൈസന്‍സിന് 500 രൂപയും ഫോര്‍ വീലറിന് ആയിരവും ഹെവി ലൈസന്‍സിന് 2000 രൂപയുമാണ് ഇവര്‍ കൈക്കൂലി ഈടാക്കിയിരുന്നത്. ഏജന്റ്മാരുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 10000 രൂപയും കണ്ടെടുത്തു. സംഘത്തിലെ മുഖ്യ ഏജന്‍റായ വിക്ടറി സലീം എന്നയാള്‍ ഒളിവിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന വിവരം നേരത്തേ വിജിലന്‍സിനു ലഭിച്ചിരുന്നു. തുടര്‍ന്ന് പല തവണ പരിശോധന നടത്തിയെങ്കിലും കൈക്കൂലിക്കാരെ പിടികൂടാനായില്ല. തുടര്‍ന്ന് ചൊവാഴ്ച വൈകിട്ട് കോട്ടയം വിജിലന്‍സ് മേധാവി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി പ്രതികളെ കുടുക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക