ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യക്കാർക്കു കുവൈറ്റിൽ വിലക്കേർപ്പെടുത്തി

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യക്കാരായ പ്രവാസികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. ഓഗസ്റ്റ് ഒന്ന് മുതൽ വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെയാണ് വിലക്ക് പ്രാബല്യത്തിലാകുക.

 

 

ഇന്ത്യയ്ക്കും അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ, ഇറാൻ , ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുമാണ് ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് അനിശ്ചിതകാലത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്കിനു പിന്നിലെ കാരണം വ്യക്തമല്ല. ഈ രാജ്യങ്ങളിൽ നിന്നൊഴികെയുള്ളവർക്ക് കുവൈത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും അനുമതിനൽകാൻ മന്ത്രിസഭ തീരുമാനിച്ചു എന്നാണു സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചിരിക്കുന്നത്.

 

 

കുവൈത്തിൽ കൂടുതൽ പ്രവാസികൾ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്കാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വിദേശ രാജ്യങ്ങൾക്കു ക്വോട്ട നിശ്ചയിക്കുന്നതിന്റെ ഭാഗമായാണോ തീരുമാനമെന്ന് സംശയമുണ്ട്. എന്നാൽ വിദേശി ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഈജിപ്തിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപെടുത്തിയിട്ടില്ല എന്നത് സംശയത്തിലാക്കുന്നുണ്ട്.

 

 

നേരത്തെ കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലും ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് അന്താരാഷ്ട്ര സർവീസുകൾ നിർത്തിയതോടെ എല്ലാ രാജ്യങ്ങൾക്കും വിലക്ക് ബാധകമാകുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് വാണിജ്യ വിമാനസർവീസ് പുനരാരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഏഴു രാജ്യങ്ങൾ ഒഴികെ ഉള്ളവർക്ക് പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത് അറിയിച്ചിരിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക