തിരുവനന്തപുരം: വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കുടിശിക തുക അടയ്ക്കാന്‍ നല്‍കിവന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ സൗകര്യം അവസാനിപ്പിക്കുന്നു.
മാര്‍ച്ച് 31 ന് മുമ്ബ് കുടിശിക തീര്‍ക്കാത്തവര്‍ക്കെതിരെ ഏപ്രില്‍ ഒന്നു മുതല്‍ രജിസ്ട്രേഷന്‍ വകുപ്പ് റവന്യു റിക്കവറി നടപടികള്‍ തുടങ്ങും.സര്‍ക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്താണിത്.
1986 ജനുവരി ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെ വില കുറച്ച് രജിസ്റ്റര്‍ ചെയ്തതായി അണ്ടര്‍വാല്യുവേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ള കുടിശിക കേസുകളിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുവദിച്ചിരുന്നത്. രണ്ടര ലക്ഷത്തോളം പേരാണ് കുടിശിക അടയ്ക്കാനുള്ളത്. 200 കോടിയാണ് ഈ ഇനത്തില്‍ പ്രതീക്ഷിക്കുന്നത്. വസ്തുവുമായി ബന്ധപ്പെട്ട ബാദ്ധ്യത തീരുമെങ്കിലും കൂടുതല്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്ക് ഒന്നിച്ച് കുടിശിക അടയ്ക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാവും. അധികം അടയ്ക്കേണ്ട മുദ്രപ്പത്രവിലയുടെ 30 ശതമാനമാണ് കുടിശിക ഇനത്തില്‍ നല്‍കേണ്ടത്. രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കും.
വസ്തുവിന് ആധാരത്തില്‍ കാണിക്കുന്ന വിലയുടെ എട്ട് ശതമാനം സ്റ്റാമ്ബ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസുമാണ് രജിസ്ട്രേഷന്‍ സമയത്ത് അടയ്ക്കേണ്ടത്. 1986-ല്‍ അണ്ടര്‍വാല്യുവേഷന്‍ നിലവില്‍ വന്നതോടെ, ആധാരം രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഭൂമിക്ക് കാണിക്കുന്ന വില കുറവെന്ന് സബ് രജിസ്ട്രാര്‍ക്ക് തോന്നിയാല്‍ ജില്ലാ രജിസ്ട്രാര്‍ക്ക് അണ്ടര്‍വാല്യുവേഷന്‍ റിപ്പോര്‍ട്ട് അയയ്ക്കാം. റിപ്പോര്‍ട്ടിന്‍ പ്രകാരം ആധാര കക്ഷിക്ക് കൂടിയ വിലയുടെ അടിസ്ഥാനത്തിലുള്ള സ്റ്റാമ്ബ് ഡ്യൂട്ടി അടയ്ക്കാന്‍ നോട്ടീസ് അയയ്ക്കു . ഈ തുക അടയ്ക്കാതിരിക്കുന്നവര്‍ക്കാണ് 2016 മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ കൊണ്ടുവന്നത്. 2010 ഏപ്രില്‍ ഒന്നിന് ന്യായവില നിലവില്‍ വന്നതോടെ വില കുറച്ചുകാട്ടിയുള്ള രജിസ്ട്രേഷനില്‍ കുറവ് വന്നു. 2017 ന് ശേഷം വില കുറച്ച് കാട്ടി നടന്നിട്ടുള്ള രജിസ്ട്രേഷനുകളും പരിശോധിച്ചു വരുകയാണ്. ഒരു ലക്ഷത്തോളം കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
വില കുറവാണോ എന്നറിയാന്‍
ഭൂമിയുടെ സമീപത്തുള്ള റോഡുകളടക്കമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന വില രേഖപ്പെടുത്താതെ രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയ കേസുകളിലാണ് കുടിശിക ഈടാക്കുന്നത്. വില കുറച്ചാണോ ആധാരം രജിസ്റ്രര്‍ ചെയ്തിട്ടുള്ളതെന്ന് www.keralaregistration.gov.in /pearlpublic വെബ്സൈറ്റ് ലിങ്കില്‍ നിന്നറിയാം.