ലീഡറുടെ ഓർമ്മകൾക്കിന്ന് പത്തു വയസ്സ്. പകരക്കാരനില്ലാത്ത നേതാവിന്റെ സ്മരണകൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു , ലതിക സുഭാഷ് ഓർമിക്കുന്നു..

ഒരു ചിരി സമ്മാനിക്കാൻ ഒരിക്കലും മടി കാട്ടിയിരുന്നില്ല ലീഡർ. മറക്കാനാവാത്ത ഓർമ്മ സമ്മാനിച്ചത് 1991-ൽ . 26-ാമത്തെ വയസ്സിൽ ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നു ഞാൻ. കോട്ടയം ജില്ലാ കൗൺസിലിൽ ഏറ്റുമാനൂർ ഡിവിഷനിൽ നിന്നും മത്സരിക്കാനായിരുന്നു നിയോഗം. ഏറ്റുമാനൂർ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പ്രതിപക്ഷ നേതാവുകൂടിയായ ലീഡറാണ്. ലീഡറെത്താറായപ്പോഴേയ്ക്കും ആൾക്കൂട്ടും ജനസാഗരമായി മാറിയത് അൽഭുതത്തോടെയേ ഇത്തരമൊരു വേദിയിലെ തുടക്കക്കാരിയായ എനിയ്ക്ക് കാണാനായുള്ളൂ. വേദിയിലെത്തിയ ലീഡറുടെ കാൽ തൊട്ടു വന്ദിച്ചു. സദസ്സിനെ ഇളക്കിമറിച്ചും ചിരിപ്പിച്ചും ലീഡർ. ഒടുവിൽ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്താനും ലീഡർ. കേരളത്തിൽ യു.ഡി.എഫ് വൻ പരാജയം നേരിട്ട ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ യശശരീരനായ ശ്രീ എം.എ ജോൺ , മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ കുര്യൻ ജോയി, കോട്ടയത്തെ മുതിർന്ന വനിതാ നേതാവായ ശ്രീമതി രാധാ വി നായർ യശശരീരയായ റോസമ്മ തോമസ് എന്നിവർക്കൊപ്പം കോൺഗ്രസ് അംഗമായി ഞാനും ജയിച്ചു കയറി. മറ്റൊരിക്കൽ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാൻ 2000-ൽ തിരുവനന്തപുരത്തെ വീട്ടിൽ ഞാനെത്തി. അന്നദ്ദേഹം പാർലമെന്റംഗം. കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റായ സന്തോഷത്തിന്റെ ചൂടാറാതെയാണ് ഞാൻ ‘കല്യാണി’ യിൽ എത്തിയത്. ലീഡറുടെ കാലിൽ തൊട്ടു തൊഴുത് മുഖത്തേക്ക് നോക്കിയ എന്നോടായി ലീഡർ പറഞ്ഞ വാക്കുകൾ. “കുട്ടീ, ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആർക്കാണെങ്കിലും ചെയ്തു കൊടുക്കണം. പറ്റാത്ത കാര്യമാണെങ്കിൽ അവരോടു തന്നെ പറ്റില്ലാന്നു തുറന്നു പറയണം.” എന്നും മനസ്സിൽ സൂക്ഷിക്കാൻ ഇതു മാത്രം മതി. ലീഡറുടെ ഓർമ്മകൾക്കിന്ന് പത്തു വയസ്സ്. പകരക്കാരനില്ലാത്ത നേതാവിന്റെ സ്മരണകൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക