തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തേതിന് സമാനമായ രീതിയില്‍ ഇന്നും ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിഞ്ഞു. ഒമ്ബത് മിനിട്ട് മാത്രമാണ് ഇന്ന് സഭ സമ്മേളിച്ചത്.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വാദികളായ ഏഴ് എംഎല്‍എമാര്‍ പ്രതികളായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.
മറുവശത്ത് ഭരണപക്ഷവും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. ചോദ്യോത്തര വേള വരെ തടസപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. സഭയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം, പ്ലക്കാര്‍ഡുമായി നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേളയുടെ ബാക്കി റദ്ദ് ചെയ്തു. സബ്മിഷന്‍ മേശപ്പുറത്ത് വച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കാത്തത് നിരാശാജനകമെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. സഭ തിങ്കളാഴ്ച രാവിലെ 9.30ന് വീണ്ടും ചേരും.