കൊറോണക്കാലത്തും തളരാതെ ”മക്തബ്”.

(മക്തബ് സായാഹ്ന പത്രത്തിന്റെ അതിജീവന കഥ)

അച്ചടിച്ച പത്രങ്ങൾ ഇല്ലാതാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ പഴക്കമുണ്ട് . സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസരിച്ച്  അച്ചടി മാധ്യമങ്ങൾ മരിക്കുമെന്ന നിഗമനവും നേരത്തെ മുതൽ ശക്തിപ്പെട്ടു വരുന്നതാണ്.  അടുത്ത മുപ്പത് വർഷത്തിനുള്ളിൽ അച്ചടി മാധ്യമങ്ങൾ ഇല്ലാതാവുമെന്ന്  പ്രവചിക്കപ്പെട്ടത് ഒരു ദശാബ്ദം മുമ്പായിരുന്നു. എന്നാൽ മാധ്യമ മുതലാളിമാരും പത്രാധിപന്മാരും അന്നൊന്നും അത്തരം പ്രവചനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയില്ല . പക്ഷേ, കൊറോണക്കാലത്തെ അനുഭവ പരിസരം അവയെ ശരിവെയ്ക്കുന്നതാണെന്ന തിരിച്ചറിവ് അവരിലുമുണ്ടാക്കിയിരിക്കുന്നു.  പ്രിൻ്റ് യുഗം ഡിജിറ്റലിലേയ്ക്ക് നടന്നു മറയുന്നത് അതിവേഗമാണ്. ഈ സത്യത്തെ ഇന്നെല്ലാവരും അംഗീകരിച്ചുകഴിഞ്ഞു . അതിന്റെ തെളിവാണ് ഏതാനും വർഷം മുൻപ് വരെ ഒരു മാധ്യമ സ്ഥാപനം നടത്തിവന്ന Diploma in Journalism എന്ന കോഴ്സിന്റെ പേര് ഈ വർഷം Diploma in Print and Digital Journalism എന്നായി മാറിയത് .

പത്ര  വ്യവസായ രംഗത്ത്  വർഷങ്ങളായി നിലനിന്നുവരുന്ന പ്രതിസന്ധികൾ കൊറോണയുടെ വരവോടെ അതിരൂക്ഷമായി . ഇന്ത്യയിലെ വൻകിട ഇംഗ്ലീഷ് പത്രങ്ങൾ പോലും ശമ്പളം വെട്ടിക്കുറയ്ക്കുകയും ജീവനക്കാർക്കിടയിൽ നിർബന്ധിത അവധി നടപ്പിലാക്കുകയും ചെയ്യുന്നു. പ്രാദേശിക പത്രങ്ങളിലും ഇത് തന്നെയാണ് അവസ്ഥ . കൊറോണയ്ക്ക് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം പരസ്യവരുമാനം വൻതോതിൽ ഇടിഞ്ഞിട്ടുണ്ട് . പത്ര വിൽപ്പനയിലും സാരമായ കുറവ് വന്നിട്ടുണ്ട്. അതിജീവനത്തിനായി അതിനൂതന മാതൃകകൾ പലരും അവലംബിക്കുമ്പോഴും പാളിപ്പോയ പരീക്ഷണമെന്ന നിലയിലേക്കാണ് അതെല്ലാം എത്തിപ്പെടുന്നത്.

പ്രഭാത പത്രങ്ങളോടൊപ്പം തന്നെ സായാഹ്ന പത്രങ്ങളും കടുത്ത ഭീഷണിയാണ് നേരിടുന്നത് . സെക്കന്റുകൾക്കുള്ളിൽ വാർത്തകൾ എത്തിക്കുന്ന ഡിജിറ്റൽ/നവമാധ്യമങ്ങളുടെ വരവോടുകൂടി  സായാഹ്ന പത്രങ്ങളുടെ പ്രസക്തി തന്നെ നഷ്ടമാകുകയാണ് . അതിനൊപ്പമാണ് കൊറോണയേൽപ്പിച്ച ആഘാതം.ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് നടന്നിരുന്ന വില്പന ഏതാണ്ട് നിലച്ച മട്ടാണ് . വൻകിട മാധ്യമ സ്ഥാപനങ്ങൾ നടത്തിപ്പോന്ന സായാഹ്ന പത്രങ്ങളിൽ ചിലത് പോലും ചുരുങ്ങിയ കാലത്തിനുള്ളിൽ അടച്ചു പൂട്ടപ്പെട്ടു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കണ്ണൂരിൽ മാത്രം അച്ചടി അവസാനിപ്പിച്ചത് പന്ത്രണ്ടോളം സായാഹ്ന പത്രങ്ങളാണ്.  ഇവിടെയാണ് കാൽ നൂറ്റാണ്ടിലധികമായി പ്രസിദ്ധീകരണം തുടരുന്ന മക്തബ് എന്ന പത്രത്തിന്റെ പ്രസക്തി .

കഴിഞ്ഞ വർഷം ഡിസംബർ 31 ന് മക്തബ് അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ കൊറോണ ലോകത്തെ നിശ്ചലമാക്കിയിരുന്നില്ല. എന്നാൽ പിന്നീട് കാര്യങ്ങൾ വളരെ വേഗമാണ് മാറിമറിഞ്ഞത് . മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും തകിടം മറിഞ്ഞു . മക്തബിനൊപ്പം അച്ചടിയിലുണ്ടായിരുന്ന പല സായാഹ്ന പത്രങ്ങൾക്കും കളമൊഴിയേണ്ടി വന്നു . എന്നാൽ ആദ്യ ലോക് ഡൗൺ കാലത്ത് മാത്രമാണ് കുറച്ചു ദിവസങ്ങൾ മാത്രം മക്തബ് മുടങ്ങിയത് .

1994 ഡിസംബർ 31 ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽനിന്നാരംഭിച്ച സായാഹ്ന പത്രമാണ് മക്തബ് . എം എം ബേബിയായിരുന്നു ആദ്യ മാനേജിങ് ഡയറക്ടർ . അദ്ദേഹത്തിന്റെ ഭാര്യയാണ് മക്തബ് എന്ന പേര് പത്രത്തിനായി കണ്ടെത്തിയത്. ഇതൊരു അറബി വാക്കാണ് .  എഴുത്ത്മേശ, അച്ചടിശാല , നല്ലവാക്ക്, ഓഫീസ്, പ്രാഥമിക വിദ്യാലയം  എന്നൊക്കെയാണ് ഈ വാക്കിൻ്റെ അർത്ഥം . ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പ്രചാരത്തിൽ മുന്നിലെത്താൻ പത്രത്തിനായി . ഇന്ന് കാൽലക്ഷത്തിലധികം സ്ഥിരം വായനക്കാരുണ്ട് മക്തബിന്. ഇവരെ കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള ഏതാണ്ടത്രത്തോളം തന്നെ മലയാളികൾ മക്തബ് വായിക്കുന്നുണ്ട് .

മഞ്ഞപ്പത്രം എന്ന വിളിപ്പേര് സായാഹ്ന പത്രങ്ങൾക്ക് പൊതുവിൽ സമൂഹം ചാർത്തി കൊടുത്തിട്ടുണ്ട് . എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു വാർത്താ സംസ്ക്കാരം മക്തബ് രൂപപ്പെടുത്തി . കൃത്യതയോടെ സൂക്ഷ്മ വിശകലനം ചെയ്ത് പ്രഭാത പത്രങ്ങളുടെ അതേ നിലവാരത്തിൽ തന്നെയാണ് മക്തബും വാർത്തകൾ അച്ചടിക്കുന്നത് . ഇതുതന്നെയാവണം മക്തബിന്റെ അതിജീവനത്തിന്റെ ആദ്യ കാരണം .

കൂട്ടായ്മയുടെ വിജയഗാഥ എന്നതാണ് മക്തബിൻ്റെ രണ്ടാമത്തെ സവിശേഷത. പി.കെ.മുജീബ് റഹ്മാൻ എന്ന പബ്ലിഷർ , കെ സുനിൽകുമാർ എന്ന പത്രാധിപർ , എം കെ മനോഹരൻ എന്ന ചീഫ് റിപ്പോർട്ടർ , എം എം ബേബി എന്ന ആദ്യ മാനേജിങ് ഡയറക്ടർ എന്നിവർ ചേർന്നാണ് മക്തബ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇരുപതോളം സ്ഥിരം ജീവനക്കാരും ഇരുന്നൂറോളം ഏജൻ്റുമാരും. മുതലാളി -തൊഴിലാളി വേർതിരിവില്ലാതെ ഒറ്റ മനസ്സുള്ള ഒരു കൂട്ടായ്മയായി സംരംഭത്തെ നയിക്കാൻ കഴിയുന്നുവെന്നതാണ് പ്രത്യേകത.പ്രമുഖ മാധ്യമ പ്രവർത്തകനായ സദാശിവൻ ഇരിങ്ങലിനെപ്പോലുള്ളവരുടെ നിതാന്ത പരിശ്രമവും മക്തബിൻ്റെ തളരാത്ത പ്രൗഢി ക്ക് നിദാനമാണ്.

‘സത്യം ,സമ്പുഷ്ടം, സമുന്നതം’ എന്ന ആപ്തവാക്യമാണ് മക്തബിൻ്റേത്.  പ്രമുഖ മാധ്യമങ്ങളുടെ മുഖപ്രസംഗങ്ങൾ വായിക്കാൻ ആളുകൾ വിമുഖത പ്രകടിപ്പിക്കുന്ന ഇക്കാലത്തും മക്തബിൻ്റെ മുഖപ്രസംഗത്തിന് വേണ്ടി മാത്രം പത്രം വാങ്ങുന്നവരുമുണ്ട്. അത്രയേറെ ജന സമ്മതിയിലേക്ക് കുതിച്ച സായാഹ്ന പത്രങ്ങൾ കേരളത്തിൽ വിരളമാണ്.

പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന  പത്രങ്ങൾ ഇപ്പോൾ അച്ചടിയിൽ നിന്ന് ഓൺലൈനിലേക്ക് പോകാൻ നിർബന്ധിതമായി. അപ്പോഴും ഓൺലൈനിലേക്ക് ചേക്കേറാൻ ‘മക്തബ് ‘സന്നദ്ധമായിട്ടില്ല.
പ്രഭാത പത്രങ്ങളുടെ വലുപ്പത്തിലുള്ള നാല് പേജ് പത്രമായി  ഇനിയും മക്തബ് തുടരുമെന്ന് പറയാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം ഒന്നേയുള്ളൂ. അച്ചടിച്ചിറങ്ങുന്ന മക്തബ് നേരിട്ട് വായിക്കാൻ തദ്ദേശീയരായ ജനത കാട്ടുന്ന തൃഷ്ണയാണ് ആ ഘടകം. അത് ഒരു പക്ഷേ, ആ മാധ്യമസ്ഥാപനം തീരുമാനിച്ചാലും തിരുത്താൻ വയ്യാത്ത വിധം ജനതതിയിൽ ഈട്ടിയുറപ്പിച്ച വികാരമായി വളർന്നിരിക്കുന്നു .

അച്ചടിയുടെ അതിജീവനം സത്യത്തിന്റെ നിലനില്പിന് അനിവാര്യമാണ് . അച്ചടിയുടെ വിശ്വാസ്യത ഒരിക്കലും ഓൺലൈൻ വാർത്താ പോർട്ടലുകൾക്കില്ല. കൃത്യതയോടെ വാർത്തയെ ബോധ്യപ്പെടുത്താവുന്ന എഡിറ്ററോ നിയതമായ നയങ്ങളോ ഒന്നും ഇല്ലാതെയാണ് മിക്കവാറും ഡിജിറ്റൽ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് . മാത്രവുമല്ല ,ഏത് നിമിഷവും തിരുത്തൽ സാധ്യമാകുന്ന ഇടമാണ് സമൂഹമാധ്യമങ്ങളും ഓൺലൈൻ പ്രസാധനങ്ങളും. എന്നാൽ അച്ചടിച്ച അക്ഷരങ്ങളെ എളുപ്പം തിരുത്തുവാനാവില്ല ; യഥാർത്ഥ സത്യത്തെപ്പോലെ.

*അനു പി ഇടവ*

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക