പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും. സിപിഐഎം പ്രവർത്തകന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരം.

പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ തുടങ്ങാന്‍ യുഡിഎഫ് തീരുമാനിച്ചു. കേസന്വേഷണം ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് മന്‍സൂര്‍ വധക്കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. സംഘം ഇന്ന് അന്വേഷണം തുടങ്ങും. റിമാന്‍ഡിലായ ഷിനോസിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക