വിവാഹ ദിവസം മുങ്ങി, പിന്നെ പൊങ്ങിയത് മോഷണ കുറ്റത്തിന് അകത്തായപ്പോൾ.

വിവാഹദിവസം കാണാതായ വരന്‍ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പിടിയില്‍.പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ(28)യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍നിന്ന് പോലീസ് പിടികൂടിയത്.കഴിഞ്ഞ മാര്‍ച്ച്‌ 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്.

വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങി.തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു.ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്ബാവൂര്‍, കമ്ബം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്ബത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി.

വിവാഹത്തിനു താത്‌പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പോലീസിനെ കബളിപ്പിക്കാനാണെന്നും ഇയാള്‍ മൊഴി നല്‍കി.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക