ഷില്ലോംഗ്: മേഘാലയയില്‍ വീണ്ടും അധികാരം ഏറക്കുറെ ഉറപ്പിച്ച് ബി ജെ പി സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം ഡി എ).
ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്ബോള്‍ എന്‍ പി പി 26 സീറ്റുകളിലും ബി ജെ പി. നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. ഇവിടെ അട്ടിമറികള്‍ ഒന്നും സംഭവിക്കാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റില്‍ മാത്രമാണ് മുന്നിലെത്തിയത്. മേഘാലയയിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കാനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്. 2018 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എന്‍പിപിയും യുഡിപിയും ബിജെപിയും സഖ്യമുണ്ടാക്കിയാണ് അധികാരം കൈയാളിയിരുന്നെങ്കിലും ഇക്കുറി എന്‍.പി.പിയും ബി.ജെ.പിയും തനിച്ചാണ് മത്സരരംഗത്തിറങ്ങിയത്. കാര്യമായ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയോടെയാണ് ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയതെങ്കിലും അതിന് കഴിഞ്ഞില്ലെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്.
സമര്‍ത്ഥമായ കരുനീക്കങ്ങളിലൂടെയാണ് ബി ജെ പി കഴിഞ്ഞ തവണ മേഘാലയയില്‍ ഭരണത്തിന്റെ ഭാഗമായത്. 2018ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 21 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിനെ ഒഴിവാക്കി സംസ്ഥാനത്തെ ചെറുപാര്‍ട്ടികളെ ഒന്നിപ്പിച്ച് ഒരു സര്‍ക്കാരുണ്ടാക്കാന്‍ അന്നത്തെ ഗവര്‍ണര്‍ കാര്യമായ സഹായം ചെയ്തു. കോണ്‍റാഡ് സാങ്മ നേതൃത്വം നല്‍കുന്ന നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന മേഘാലയ ഡമോക്രാറ്റിക് അലയന്‍സില്‍ ബിജെപിക്കു പുറമേ പ്രാദേശിക പാര്‍ട്ടികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി), പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിപി), ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്‌എസ് പിഡിപി) എന്നിവരും ഏതാനും സ്വതന്ത്രരും പങ്കാളികളായി. അങ്ങനെ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.
ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ വന്‍ തകര്‍ച്ചയാണ് കാണാന്‍ കഴിഞ്ഞത്. അധികം വൈകാതെ എം എല്‍ എമാര്‍ ഓരോരുത്തരായി കോണ്‍ഗ്രസിനോട് ഗുഡ് ബൈ ചൊല്ലി. 2021 നവംബറില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയായി.