ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിച്ചുകൊണ്ടായിരുന്നു ഉത്തരവ്.
അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദിയുണ്ടെന്ന് ആന്റണി രാജു പ്രതികരിച്ചു. യു ഡി എഫ് ഭരണകാലത്ത് രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1994 ഒക്‌ടോബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി മരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ലഹരി മരുന്ന് കൊണ്ടുവന്നതിന് വിദേശിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അടിവസ്ത്രമടക്കമുള്ളവ തൊണ്ടുമുതലാക്കി കോടതിയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനും ചേര്‍ന്ന് അടിവസ്ത്രം അവിടെ നിന്ന് മാറ്റി, മറ്റൊരെണ്ണം തെളിവായി കൊണ്ടുവന്നുവെന്നായിരുന്നു കേസ്.തെളിവില്‍ കൃത്രിമം കാണിക്കുകയും, തൊണ്ടിമുതല്‍ മാറ്റുകയും ചെയ്‌തെന്ന് കാണിച്ച് നേരത്തെ വലിയതുറ പൊലീസ് കേസെടുക്കുകയും നെയ്യാറ്റിന്‍കര കോടതിയിലേക്ക് പോകുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹൈക്കോടതിയിലെത്തിയത്.