ന്യൂഡല്‍ഹി: വാരിസ് പഞ്ചാബ് ദെ തലവന്‍ അമൃത്‌പാല്‍ സിംഗ് പൊലീസ് വലയത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി.
തികഞ്ഞ ഇന്റലിജന്‍സ് പരാജയമാണ് സംഭവിച്ചത്. നിങ്ങള്‍ക്ക് 80,000 പൊലീസുകാരുണ്ടായിട്ടും അമൃത്‌പാലിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ വിനോദ് ഘായിയോട് ഹൈക്കോടതി ചോദിച്ചു.അമൃത്‌പാല്‍ ഒഴികെ ബാക്കിയെല്ലാവരും അറസ്റ്റിലായതെങ്ങനെയെന്നും കോടതി ആരാഞ്ഞു. നിങ്ങളുടെ പൊലീസ് എന്താണ് ചെയ്യുന്നത്. അമൃത്‌പാലിനെ പിടികൂടാനുള്ള നടപടികളുടെ തത്‌സ്ഥിതി അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതിനിടെ അമൃത്‌പാല്‍ സിംഗ് അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നു. അമൃത് പാല്‍ സിംഗിന്റെ തലപ്പാവുള്ളതും ഇല്ലാത്തതും താടിയില്ലാത്തതും ഉള്‍പ്പെടെ ഏഴ് ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്തു വിട്ടു.അമൃത്‌പാല്‍ സിംഗ് രക്ഷപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ബി.എസ്.എഫ്, ശസ്ത്ര സീമ ബല്‍ മേധാവികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പഞ്ചാബ്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തികളിലൂടെ രക്ഷപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അമൃത്‌പാല്‍ സിംഗിന്റെ തലപ്പാവ് ധരിച്ചതും രൂപമാറ്റം വരുത്തിയതുമായ രണ്ട് ചിത്രങ്ങള്‍ സഹിതം രണ്ട് സേനകളുടെ എല്ലാ യൂണിറ്റുകള്‍ക്കും സന്ദേശം അയച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
അമൃത്‌പാല്‍ സിംഗ് രക്ഷപ്പെടാന്‍ ഉപയോഗിച്ച മാരുതി ബ്രെസ്സ പിടിച്ചെടുക്കുകയും രക്ഷപ്പെടാന്‍ സഹായിച്ച നാല് പേരെ പിടികൂടുകയും ചെയ്തു. കാറില്‍ ഇയാള്‍ ഉപയോഗിച്ച വസ്ത്രവും കണ്ടെത്തി. കൂടാതെ ബോര്‍ റൈഫിള്‍, വാളുകള്‍ , വോക്കി ടോക്കി സെറ്റുകള്‍ എന്നിവയും കണ്ടെടുത്തു.50 പൊലീസ് വാഹനങ്ങളില്‍ പഞ്ചാബ് പൊലീസിന്റെ പ്രത്യേക സംഘം പിന്തുടരുന്നതിനിടെയാണ് അമൃത്‌പാല്‍ സിംഗ് രക്ഷപ്പെടുന്നത്. ഇയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും ബൈക്കില്‍ കയറി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമൃത്‌പാല്‍ സിംഗിനെതിരായ ഓപ്പറേഷന്‍ ആരംഭിച്ച ശനിയാഴ്ച്ച രാവിലെ 11.27ന് ജലന്ധറിലെ ഒരു ടോള്‍ ബൂത്തില്‍ നിന്നുള്ള ഒരു ക്ലിപ്പില്‍ അമൃത്‌പാല്‍ സിംഗ് വെളുത്ത മാരുതി ബ്രെസ്സ കാറിന്റെ മുന്‍സീറ്റിലിരുന്ന് പോകുന്നത് കാണാം. പൊലീസ് പിന്തുടരുമ്ബോള്‍ അമൃത്‌പാല്‍ സഞ്ചരിച്ചിരുന്നത് മെഴ്സിഡസ് ബെന്‍സ് എസ്.യു.വിയിലായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് മാരുതി ബ്രെസ്സയിലേക്ക് മാറിയത്.കാറില്‍ വച്ച് തലപ്പാവും വസ്ത്രങ്ങളും മാറി. നീല തലപ്പാവ് മാറ്റി പിങ്ക് തലപ്പാവാക്കി. മറ്റൊരു ദൃശ്യത്തില്‍ ഒരു പച്ചപ്പുള്ള വയലിനരികിലുള്ള റോഡില്‍ വച്ച് വെള്ള മാരുതി കാറില്‍ നിന്നിറങ്ങുന്നതും രണ്ട് ബൈക്കുകളിലായി മൂന്ന് സഹായികളോടൊപ്പം യാത്ര തുടരുന്നതും കാണാം. പിന്നീട് ഒരു ഗുരുദ്വാരയിലെത്തിയതായും ഇവിടെ നിന്ന് വീണ്ടും രൂപമാറ്റം വരുത്തിയതായും പഞ്ചാബ് പൊലീസ് സംശയിക്കുന്നു.അമൃത്‌പാല്‍ ആദ്യം പോയത് നംഗല്‍ അംബിയാന്‍ ഗ്രാമത്തിലെ ഒരു ഗുരുദ്വാരയിലേക്കാണ്. അവിടെ നിന്നാണ് വസ്ത്രം മാറി ബൈക്കുകളില്‍ രക്ഷപ്പെട്ടത്. ബതിന്ദയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പഞ്ചാബ് പൊലീസ് സംഘം അമൃത് പാലിനെ പിന്തുടര്‍ന്നത്. രാവിലെ 11.30 യോടെ ജലന്ധര്‍ – മോഗ റോഡില്‍ വെച്ചാണ് ഇയാള്‍ സന്ദര്‍ശിച്ച വാഹനം പൊലീസ് തടഞ്ഞത്.