വളാഞ്ചേരിയില്‍ കാണാതായ 21കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍.

വാളാഞ്ചേരി ആതവനാട് ചോറ്റൂരിലെ ചെങ്കല്‍ക്വാറിയില്‍ കണ്ടെടുത്ത മൃതദേഹം കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്ബാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തി(21)ന്റേതാണെന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച്‌ 10-നാണ് ഫര്‍ഹത്തിനെ കാണാതായത്.

മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍വാസിയായ കഞ്ഞിപ്പുര ചോറ്റൂര്‍ വരിക്കോടന്‍ അന്‍വറിനെ (38) പോലീസ് അറസ്റ്റുചെയ്തു. ഫര്‍ഹത്തിനെ കടന്നു പിടിച്ച്‌ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

അതേസമയം കഴിഞ്ഞ മാസം 10 മുതലാണ് ചോറ്റൂര്‍ സ്വദേശിനിയായ കിഴക്കത്ത് പറമ്ബാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെ കാണാതായത്. ഇന്നലെ വൈകിട്ടോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും കണ്ടെത്തുന്നത്. വെട്ടിച്ചിറയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ഫര്‍ഹത്ത് മാര്‍ച്ച്‌ 10ന് രാവിലെ ജോലിക്ക് പോയശേഷം തിരിച്ച്‌ വീട്ടില്‍ എത്തിയിരുന്നില്ല. ഇന്നലെ വൈകുന്നേരം നാലരയോടെ നാട്ടുകാരില്‍ ചിലരാണ് ഫര്‍ഹത്തിന്റെ വീടിന് സമീപമുള്ള ക്വാറിയില്‍ മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്‌പി കെ. സുരേഷ് ബാബു, വളാഞ്ചേരി സിഐ പി.എം ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇരുട്ടായതിനാല്‍ സ്‌ഥലത്ത്‌ കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ സാധിച്ചിരുന്നില്ല. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക