പാസ്വേഡുകള് ഇന്ന് ഒഴിവാക്കാനാകാത്ത ഒരു സംഗതിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്വേഡ് എതായിരിക്കും?
സംശയമൊന്നുമുണ്ടാകില്ല അത് ‘123456’ ആണ്. എന്നാല്‍ ഇന്ത്യക്കാര്‍ ഈ പാസ്വേഡിനോട് അത്ര പ്രിയമുള്ളവരല്ല. ‘password’ ആണ് ഇന്ത്യയില്‍ ഏറ്റവും ജനപ്രിയ പാസ്വേഡ്.
സുരക്ഷ മുന്‍നിര്‍ത്തിയാണ് പാസ്വേഡ് ഉപയോഗിക്കണമെന്ന് പറയുന്നത്. എന്നാല്‍ ആളുകള്‍ ഓര്‍ക്കാനുള്ള എളുപ്പം എന്ന നിലയിലാണ് ഇത്തരത്തിലുള്ള പാസ്വേഡുകള് ഉപയോഗിക്കുന്നത്. സുരക്ഷിതമായ പാസ്വേഡ് ഉപയോഗിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നില്ല എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓരോ വര്‍ഷവും പെട്ടെന്ന് കണ്ടെത്താവുന്ന പാസ്വേഡുകള് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നും പഠനം വ്യക്തമാക്കുന്നു. ദുര്‍ബലമായതോ, എളുപ്പത്തില്‍ ഊഹിക്കാവുന്നതോ ആയ പാസ്വേഡുകള് ഉപയോക്താക്കളുടെ ഡേറ്റയും മറ്റു വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നത് ഹാക്കര്‍മാര്‍ക്ക് എളുപ്പമാക്കും.
കൂടുതല്‍ പേര് ഉപയോഗിക്കുന്ന പത്ത് പാസ്വേഡുകളുടെ പട്ടിക നോര്‍ഡ്പാസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഏകദേശം 35 ലക്ഷം പേര് പാസ്വേഡായി ‘password’ ഉപയോഗിക്കുന്നുണ്ടെന്നാണ് പട്ടികയില്‍ പറയുന്നത്. 75,000 ത്തിലധികം ഇന്ത്യക്കാര്‍ ബിഗ്ബാസ്കറ്റ് (Bigbasket) പാസ്വേഡായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യാന്തര തലത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും സാധാരണമായ 10 പാസ്വേഡുകള് 123456, bigbasket, password, 12345678, 123456789, [email protected], 1234567890, anmol123, abcd1234, googledummy എന്നിവയാണ്. ഈ പാസ്വേഡുകള് ആയിരക്കണക്കിന് ഉപയോക്താക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല ഏകദേശം 30 രാജ്യങ്ങളില്‍ ഗവേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. guest, vip, 123456 തുടങ്ങിയ പാസ്വേഡുകള് ലോകമെമ്ബാടുമുള്ള നിരവധി പേര് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൊത്തത്തില്‍, ഇന്ത്യന്‍ പാസ്വേഡ് ലിസ്റ്റിന് പല രാജ്യങ്ങളിലും സമാനമായ ട്രെന്‍ഡുകള്‍ ഉണ്ട്. വ്യത്യസ്ത പാസ്വേഡ് ഉള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ -‘password’. അതേസമയം, വിശകലനം ചെയ്ത 30 രാജ്യങ്ങളില്‍ ഭൂരിഭാഗവും ‘123456’ ആണ് ജനപ്രിയ പാസ്വേഡായി ഉപയോഗിക്കുന്നത്.
ദുര്‍ബലമായ ഇത്തരം പാസ്വേഡുകള് തകര്‍ക്കാന്‍ ഹാക്കര്‍ക്ക് കുറഞ്ഞ സമയം മതി. ഇന്ത്യയിലെ 200ല്‍ 62 പാസ്വേഡുകളും ഒരു സെക്കന്‍ഡിനുള്ളില്‍ തകര്‍ക്കാന്‍ കഴിയുന്നതാണ്. മൊത്തം പാസ്വേഡുകളുടെ 31 ശതമാനമാണിത്. അതേസമയം ആഗോളതലത്തില്‍ ഇത് 84.5 ശതമാനവുമാണ്.