പ്രശസ്‌ത സംഗീത സംവിധായകൻ എൻ പി പ്രഭാകരൻ (75) ട്രെയിൻ യാത്രക്കിടെ മരിച്ചു. കോഴിക്കോട് ആകാശവാണിയിൽ റെക്കോർഡിംഗിന് ശേഷം തിരുവനന്തപുരത്തേക്ക് ട്രെയിനിൽ മടങ്ങവെ തൃശൂർ ഒല്ലൂരിൽ വെച്ച് ദേഹാസ്വാസ്ഥം അനുഭവപ്പെടുകയായിരുന്നു. ഉടൻ റയിൽവെ അധികൃതർ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്‌ച രാത്രി പത്തോടെയാണ് മരണം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസറായിരുന്നു. അഞ്ചോളം സിനിമ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ പ്രഭാകരൻ യേശുദാസിൻ്റെ തരംഗിണിക്കായി നാലോളം സംഗീത ആൽബങ്ങൾക്കും സംഗീതം പകർന്നിട്ടുണ്ട്. ഒട്ടേറെ അവാർഡുകൾ നേടിയിട്ടുള്ള പ്രഭാകരൻ കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ സംഗീതത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്. കോട്ടയം തിരുവഞ്ചൂർ സ്വദേശിയാണ്. ശനിയാഴ്‌ച ഉച്ചക്ക് 2 ന് തിരുവഞ്ചൂരിലെ വിട്ടുവളപ്പിൽ സംസ്‌കാരം.