നന്തിലത്ത് ജി മാർട്ടിന്റെ ‘കൊറോണ വില്പന’ – കൊറോണക്കാലത്തെ ഭാഗ്യപരീക്ഷണത്തിന് തടിച്ചുകൂടി ജനം

 

നന്തിലത്ത് ജി മാർട്ടിന്റെ നാഗമ്പടത്തെ ഷോറൂമിൽ വൻ ആൾക്കൂട്ടം . കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി സാമൂഹിക അകലം പാലിക്കാതെ എത്തിയ ആൾക്കൂട്ടത്തെ കോട്ടയം ഡി വെ എസ് പി നേരിട്ടെത്തിയാണ് പിരിച്ചു വിട്ടത് . നന്തിലത്ത് ജി മാർട്ടിന്റെ ഓഫർ അറിഞ്ഞാണ്  സാധനങ്ങൾ വാങ്ങാൻ ആൾക്കാർ തടിച്ചുകൂടിയത് . ഏകദേശം ഇരുന്നൂറോളം പേർ ഷോറൂമിലുണ്ടായിരുന്നു .

 

പ്രമുഖ പത്രങ്ങളിലൂടെ വമ്പൻ പരസ്യം നൽകിയാണ് നന്തിലത്ത് ജി മാർട്ട് തങ്ങളുടെ ഷോറൂമുകളിലേക്ക് ആളുകളെ ക്ഷണിച്ചത് . സ്വാതന്ത്യ ദിനത്തിൽ 74 ശതമാനം ഡിസ്കൗണ്ട് ആണ് പ്രഖ്യാപിച്ചിരുന്നത് . കോവിഡ് രക്ഷാ വലയം ആയിരുന്നു മറ്റൊരു വാഗ്ദാനം . ഇന്ന് സാധനം വാങ്ങുന്ന ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ ബിൽ തുകയുടെ ജി എസ് ടി കഴിച്ച് 50000 രൂപവരെ തിരിച്ചുതരുമെന്നായിരുന്നു ഓഫർ .

 

കോവിഡ് പോലൊരു മഹാവ്യാധിയെ വരെ വിറ്റു കാശാക്കുന്ന ഈ ബിസിനസ് ബുദ്ധി നമ്മുടെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളെയും പിന്നോട്ടടിക്കുന്നതാണ് . തീർത്തും മനുഷ്യത്വ രഹിതവും നിരുത്തരവാദിത്വപരവുമായ നടപടിയാണ് ഗോപുനന്തിലത്ത് ഗ്രൂപ്പ് പ്രദർശിപ്പിച്ചത് . അതുപോലെ തന്നെ അസുഖം വന്നാലും പണം കിട്ടുമെങ്കിൽ എന്ത് റിസ്ക്കും എടുക്കുന്ന മലയാളികളുടെ മനസ്സും . ഇത് രണ്ടും ഒരു പോലെ അപകടകരമാണ് . ചില ആളുകളുടെ ഇത്തിരി ലാഭത്തിനു വേണ്ടി ഒരു ജനതയാണ് കബളിപ്പിക്കപ്പെട്ടത് .

 

ഗോപു നന്തിലത്തിന്റെ നാഗമ്പടം  ഷോറൂം പോലീസ് അടപ്പിച്ചിട്ടുണ്ട് . കടയുടെ ഉടമസ്ഥനും ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട് . ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നഗരസഭയുമായി ആലോചിച്ച് ചെയ്യുമെന്ന് കോട്ടയം Dysp ലൈറ്റ് ലൈൻസ് ന്യൂസിനോട് പറഞ്ഞു.

 

എന്നാൽ അതു കൊണ്ട് മാത്രം ആയില്ല . ഓണക്കാലമാണ് മുന്നിൽ . കച്ചവടത്തിന്റെ ഉത്സവമായി മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ ദേശീയോത്സവ ദിനങ്ങളിൽ ഇത്തരം സoഭവങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം . അത് തടയാനുള്ള നടപടികൾ ഗവർൺമെന്റ് സ്വീകരിക്കണം . സെപ്തംബർ മാസത്തിൽ രോഗ ബാധിതർ കൂടുമെന്ന് ആരോഗ്യ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് . ഇത്തരം സംഭവങ്ങൾ തുടർന്നാൽ വൻ ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക