ബംഗളൂരു ലഹരിക്കടത്ത് കേസ്; ബിനീഷ് കോടിയേരി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിൽ

ബംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം ഇന്നാണ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. നേരത്തെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടിചോദിച്ചിരുന്നതിനാൽ നര്‍ക്കോട്ടിക്‌സ് ബ്യൂറോ ആവശ്യം പിന്‍വലിക്കുകയും വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയുമായിരുന്നു.

ചോദ്യം ചെയ്യുന്നതിനായി എൻസിബി ഉദ്യോഗസ്ഥർ ജയിലിലെത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണിപ്പോൾ.‌‌‌ 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം എൻ.സി.ബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.

കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. നാളെ എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്. ബിനീഷിന്റെ അക്കൗണ്ടുകളിലേയ്ക്കു പണം അയച്ചത് അനിക്കുട്ടന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക