ഇന്നത്തെ പ്രധാന വാർത്തകൾ വിരൽത്തുമ്പിൽ

🔳മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് സ്വപ്ന സുരേഷ് നല്‍കിയ മൊഴി പുറത്തായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി യുഡിഎഫും, ബിജെപിയും. വീണ്ടും പരസ്യ പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് യുഡിഎഫ് പദ്ധതി. സമരങ്ങളില്‍ ഇടവേളയെടുക്കാതിരുന്ന ബിജെപി ഇനി സമരകേന്ദ്രം ക്ലിഫ് ഹൗസാകുമെന്നും വ്യക്തമാക്കുന്നു.

🔳ബി.ജെ.പി-യുടേയും യു.ഡി.എഫി-ന്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിതശ്രമം കൂടി ഇതിനു പുറകിലുണ്ടെന്നും കൊടിയേരി.

🔳ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കരാറുകാരായ യൂണിടാക്കും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

🔳മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തേക്കില്ല. വെള്ളി, ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കി ശിവശങ്കറെ വിട്ടയച്ചിരുന്നു. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് ചോദ്യംചെയ്യല്‍ വൈകിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

🔳നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും രാജിവെച്ചു. ഇടവേള ബാബുവിന്റ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഇടവേള ബാബു ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണം എന്നും പാര്‍വതി ആവശ്യപ്പെട്ടു. താരസംഘടന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നടി ഭാവന അഭിനയിക്കുമോ എന്ന അഭിമുഖത്തിലെ ചോദ്യത്തിന് രാജിവെച്ചവരും, മരിച്ചുപോയവരും ചിത്രത്തിലുണ്ടാകില്ലെന്ന പരാമര്‍ശമാണ് വിവാദമായത്.

🔳ഹൈന്ദവ സംഘടനകൾ എതിര്‍പ്പ് ഉയര്‍ത്തിയതിന് തുടര്‍ന്ന് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള നവരാത്രി ഘോഷയാത്രയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേക്ക് വാഹനങ്ങളില്‍ എത്തിക്കാനും തിരിച്ചു കൊണ്ടു പോകാനുമായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിഗ്രഹങ്ങള്‍ പല്ലക്കിലേറ്റി എത്തിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

🔳അശ്ലീലപ്രചാരണം നടത്തിയ വിജയ് പി.നായര്‍ എന്നയാളെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ മറ്റു പ്രതികളായ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

🔳സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്.

🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെനാള്‍ അടച്ചിട്ടത് ഇന്ത്യയുടെ ഭാവി വരുമാനത്തെ സാരമായി ബാധിച്ചേക്കുമെന്ന് ലോകബാങ്ക്. ഏകദേശം 30 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണ് ലോകബാങ്ക് കണക്കാക്കുന്നത്.

🔳ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാകിസ്താന്‍ പൗരനും, ലഷ്‌കര്‍ ഉന്നത കമാന്‍ഡറുമായ സൈഫുള്ളയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

🔳2020ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ മില്‍ഗ്രോം, റോബര്‍ട്ട് വില്‍സണ്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

🔳മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എം.എസ് ധോനിയുടെ അഞ്ചു വയസുകാരിയായ മകള്‍ സിവയ്‌ക്കെതിരായ ഭീഷണിയുടെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍. ഐ.പി.എല്‍ 13-ാം സീസണില്‍ ധോനിയുടെയും അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും മോശം പ്രകടനത്തിന്റെ പേരിലാണ് മകള്‍ സിവയ്‌ക്കെതിരേ ഭീഷണി ഉയര്‍ന്നത്.

🔳രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് വന്‍ കമ്പനികളില്‍ ഒന്‍പതെണ്ണം ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ നേടിയത് 3,01,145.46 കോടി രൂപയുടെ മൂല്യം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഏറ്റവും കൂടുതല്‍ നേട്ടത്തോടെ പട്ടികയില്‍ ഒന്നാമതായി. ഇക്കാലയളവില്‍ ടിസിഎസിന്റെ വിപണി മൂല്യം 109644.68 കോടി രൂപ വര്‍ധിച്ച് 10,56277.53 കോടി രൂപയായി. അതേസമയം ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 3928 കോടി ഇടിഞ്ഞ് 2,31,943.02 കോടി രൂപയായി. ഏറ്റവും മൂല്യമുള്ള പത്തു കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

🔳നടന്‍ മോഹന്‍ലാലിനായി 10 അടി ഉയരമുള്ള വിശ്വരൂപ ശില്‍പം തിരുവനന്തപുരത്ത് തയ്യാറാകുന്നു. ലോകത്തിലെ തന്നെ വലിയ വിശ്വരൂപ പ്രതിമയാണിതെന്ന് അവകാശപ്പെട്ട ശില്പികള്‍ ഗിന്നസ് റെക്കോഡിന്റെ സാധ്യത തേടുന്നതായി വ്യക്തമാക്കി. ഇത്രയും ഉയരമുള്ള ലോകത്തെ ആദ്യ തടി ശില്‍പമാണിതെന്ന് ശില്പിയായ നാഗപ്പന്‍ പറയുന്നു. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് വിശ്വരൂപം ഒരുങ്ങുന്നത്. സൂക്ഷ്മതയും അതിലേറെ ക്ഷമയും വേണ്ട പരിശ്രമം 9 കലാകാരന്‍മാരുടെ രണ്ടരവര്‍ഷമായുള്ള ശ്രമമാണ്. മരത്തിലാണ് ശില്പമൊരുക്കുന്നത്. ഇനി മൂന്നരമാസത്തെ പണി കൂടി ബാക്കിയുണ്ട്. വിലയെത്രയെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് ശില്പികള്‍ പറയുന്നു.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക