ഇന്നത്തെ പ്രധാന വാർത്തകൾ

 

🔳മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരമനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുമണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വസതിയിലെത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്ത്വെച്ചു അറസ്റ്റ് രേഖപ്പെടുത്തിയശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം.

🔳യുഡിഎഫില്‍ ഇനിയും വിള്ളലുണ്ടാകുമെന്നും, ഒരു പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍. ഘടകകക്ഷികളെ കൂടെനിര്‍ത്താനോ, വിശ്വാസത്തിലെടുക്കാനോ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ആര്‍എസ്എസി-നെ ചെറുക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന് ഘടകകക്ഷികള്‍ക്ക് ബോധ്യപ്പെട്ടുവെന്നും കോടിയേരി.

 

🔳സ്വര്‍ണക്കടത്ത് കേസ് ദേശീയ തലത്തില്‍ ഉന്നയിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസില്‍ മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഴുവന്‍ സംഭവങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

🔳ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസാണിതെന്ന് കഴിഞ്ഞ ആഴ്ച സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

 

 

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയച്ചത്.

🔳തുലാമാസ പൂജകള്‍ക്കായി ശബരിമലക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആറുമാസത്തെ ഇടവേളയ്ക്ക്ശേഷം ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായി എത്തും.

🔳ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ – നീറ്റിന്റെ – ഫലം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. മുഴുവന്‍മാര്‍ക്കും നേടി ഒഡീഷ സ്വദേശി ഷൊയബ് അഫ്താബ് ഒന്നാം റാങ്ക് നേടി. ആദ്യത്തെ 50 റാങ്കുകാരുടെ പട്ടികയില്‍ നാല് മലയാളികള്‍ ഇടംനേടി.

🔳കോട്ടയത്തിന് സമീപം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശ്ശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കെകെ ജിന്‍സ്(33), മുരളി (70), മുരളിയുടെ മകള്‍ ജലജ എന്നിവരാണ് മരിച്ചത്.

🔳പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വെടിക്കെട്ട് നടത്തിയവരും, ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52പേരാണ് പ്രതികള്‍. 2016 ഏപ്രില്‍ പത്താം തിയതിയാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടമുണ്ടായത്.

🔳മദ്യത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് അച്ഛനെ വെട്ടിക്കൊന്നു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശിയായ ഭരത (65)നാണ് മകന്‍ ഉണ്ണിക്കൃഷ്ണന്റെ (38) വെട്ടേറ്റ് മരിച്ചത്. ഉണ്ണിക്കൃഷ്ണനും പരിക്കുകളോടെ ആശുപത്രിയിലാണ്.

🔳പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പരിശോധിക്കുന്നതിനായി രൂപവത്കരിച്ച വിദഗ്ധസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ വിവാഹപ്രായം നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ഹാഥ്റസ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പ്രതികളില്‍ ഒരാളുടെ വീട്ടില്‍നിന്ന് രക്തക്കറയെന്ന് സംശയിക്കുന്ന പാടുകളുള്ള വസ്ത്രം കണ്ടെത്തി. എന്നാല്‍, രക്തക്കറയുള്ള വസ്ത്രം വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടില്ലെന്ന അവകാശവാദവുമായി പ്രതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

🔳ഉത്തര്‍ പ്രദേശില്‍ ‘കൃഷ്ണ ജന്മഭൂമി’ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ അടുത്ത 18ന് വാദം കേള്‍ക്കുമെന്ന് ജില്ലാ ജഡ്ജി സാധന റാണി ഠാക്കൂര്‍ അറിയിച്ചു.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തില്‍ ഉണ്ട്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ. നിങ്ങള്‍ എന്റെ ഹൃദയം തുറന്നാല്‍ മോദിജിയെ മാത്രമേ കാണാനാകൂവെന്ന് ചിരാഗ് പാസ്വാന്‍. അതേസമയം നിതീഷ് കുമാര്‍ രാം വിലാസ് പാസ്വാനെ അപമാനിച്ചതായും അദ്ദേഹത്തിന്റെ മരണത്തില്‍ ഒരു തവണ പോലും അനുശോചനം അറിയിച്ചില്ലെന്നും ചിരാഗ് പാസ്വാന്‍ ആരോപിച്ചു.

🔳എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ബിജെപി നേതാക്കളുടെ പേരുകള്‍ വിവാദത്തിലേക്ക് വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രകാശ് ജാവദേക്കര്‍. എല്‍ജെപിയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും ജാവദേക്കര്‍.

🔳മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്കിടെ ജീവന്‍ നഷ്ടപ്പെട്ടത് 47 പേര്‍ക്ക്. പുണെ, ഔറംഗബാദ്, കൊങ്കണ്‍ ഡിവിഷനുകളിലാണ് മഴ നാശംവിതച്ചത്. ലക്ഷകണക്കിന് ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശവും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.

🔳ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും മലിനീകരണം വര്‍ധിച്ചുവരുന്നതിനിടയില്‍ പഞ്ചാബ്, ഹരിയന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ വയലുകളില്‍ തീയിടുന്ന സംഭവങ്ങള്‍ തടയാനും, നീരിക്ഷണത്തിനുമായി സുപ്രീംകോടതി ഏകാംഗ കമ്മിറ്റിയെ നിയമിച്ചു. മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകുറിനെയാണ് കോടതി നിയോഗിച്ചത്.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ് ബാധിച്ച് 839 പേര്‍ മരിച്ചു. 62,104 പേര്‍കൂടി രോഗികളായി. ഇതുവരെ 1,13,032 പേര്‍ മരിച്ചു. 74.30 ലക്ഷം പേരാണു രോഗബാധിതരായത്. 7.94 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 65.21 ലക്ഷം പേര്‍ രോഗമുക്തരായി.

🔳ലോകത്ത് ഇന്നലെ കോവിഡ് ബാധിച്ച് ഇന്നലെ 6,153 പേര്‍കൂടി മരിച്ചപ്പോള്‍ 4,10,180 പേര്‍ കൂടി രോഗികളായി. ഇതുവരെ 11,08,585 പേര്‍ മരിക്കുകയും 3.95 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 903 പേരും ബ്രസീലില്‍ 886 പേരും മരിച്ചു.

🔳കോവിഡ് വ്യാപനം തടയാന്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഭരണഘടനാ വിരുദ്ധമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റെന്ന നിലയില്‍ തനിക്ക് പുറത്തിറങ്ങേണ്ടതുണ്ട്. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലോ മറ്റേതെങ്കിലും മനോഹരമായ മുറിയിലോ തനിക്ക് അടച്ചിരിക്കാനാവില്ലെന്നും ട്രംപ്.

🔳ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. 44 പന്തുകളില്‍ മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 78 റണ്‍സോടെ പുറത്താകാതെ നിന്ന ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈയുടെ ജയം അനായാസമാക്കിയത്.

🔳ഐ.പി.എല്ലില്‍ ഇന്ന് രണ്ട് കളികള്‍. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെ നേരിടും. രണ്ടാമത്തെ കളിയില്‍ ഡെല്‍ഹി ക്യാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

🔳മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ വീണ്ടും നിക്ഷേപം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സിലാണ് പുതിയ നിക്ഷേപം വന്നിട്ടുള്ളത്. കെകെആര്‍ എന്ന് അറിയപ്പെടുന്ന അലിസം ഏഷ്യ ഹോള്‍ഡിങ്‌സ് 2 പിടിഇ ലിമിറ്റഡുമായിട്ടാണ് ഇടപാട്. 5,550 കോടി രൂപയാണ് ഇതുവഴി റിലയന്‍സ് റീട്ടെയിലിന് ലഭിക്കുക. 8.1 കോടി ഇക്വിറ്റി ഷെയറുകളാണ് റിലയന്‍സ് റീട്ടെയില്‍ കെകെആറിന് കൈമാറിയത്. ഇപ്പോള്‍ 15.43 ട്രില്യണ്‍ രൂപയുടെ വിപണിമൂല്യവുമായി ഇന്ത്യയിലെ മറ്റൊരു കമ്പനിക്കും കൈയ്യെത്താനാകാത്ത ഉയരത്തിലാണ് റിലയന്‍സ്.

🔳ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ഡെപോസിറ്റ് ആരംഭിക്കല്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍, വ്യാപാര സാമ്പത്തിക വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വാട്ട്‌സ്ആപ്പില്‍ സൗകര്യം ഒരുക്കുന്നു. ഇന്ത്യയില്‍ ഈ സേവനങ്ങള്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് വീട്ടിലോ ഓഫീസിലോ ഇരുന്ന് സാമൂഹ്യ അകലം പാലിച്ച് സുരക്ഷിതമായി നടത്താവുന്ന നിരവധി സേവനങ്ങളും ബാങ്ക് വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കുന്നുണ്ട്.

🔳ഏറെ പ്രതീക്ഷകളോടെയാണ് ഉണ്ണി മുകുന്ദന്റെ ‘ബ്രൂസ്ലി’ ഒരുങ്ങുന്നത്. ചിത്രത്തിനായി കളരി പഠിക്കാന്‍ ഒരുങ്ങുകയാണ് ഉണ്ണി. അതിസാഹസിക രംഗങ്ങളുള്ള വൈശാഖ് ചിത്രത്തിനായി കളരി പരിശീലിക്കാന്‍ കണ്ണൂരിലെ മലയോര ഗ്രാമമായ ചെറുപുഴയിലെ പാടിയോട്ടുചാല്‍ കൊരമ്പക്കല്ലിലെ സിവിവി കളരിയിലാണ് താരം എത്തിയിരിക്കുന്നത്. ബ്രൂസ്ലിയിലൂടെ നിര്‍മ്മാണരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് താരം. ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

🔳മഹേഷിന്റെ പ്രതികാരത്തിനും, തൊണ്ടി മുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഫഹദ് നായകനായെത്തുന്ന ദിലീഷ് പോത്തന്‍ ചിത്രം ‘ജോജി’യില്‍ ഉണ്ണിമായ പ്രസാദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക