ഇന്നത്തെ പ്രധാന വാർത്തകൾ

 

🔳കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ വിതരണം അതിവേഗം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നീതി ആയോഗിനും നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെയും പരിചയ സമ്പത്ത് ഉപയോഗിച്ച് വാക്സിന്‍ വിതരണത്തിന് കാര്യക്ഷമമായ സംവിധാനം തയ്യാറാക്കിവെക്കണമെന്ന് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

🔳ഇന്ത്യയില്‍ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ജനിതകപരമായി സ്ഥിരതയുള്ളതാണെന്നും വലിയ ജനിതകവ്യതിയാനമൊന്നും അത് കാണിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്. കൊറോണ വൈറസില്‍ സംഭവിക്കുന്ന ചില ജനിതക വ്യതിയാനങ്ങള്‍ ഫലപ്രദമായ വാക്സിന്‍ വികസനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.ഐസിഎംആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ അറിയിപ്പ്.

 

 

🔳ടെസ്റ്റുകള്‍ നടത്താതെ രോഗ വ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🔳മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (90) കാലം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

🔳മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്ര
പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ ആന്‍ജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സൗകര്യമൊരുക്കുന്നത് സര്‍ക്കാരാണെന്ന് ബിജെപി നേതാവ് എം.ടി രമേശ്. ആര്‍ക്കൊക്കെയാണ് നെഞ്ച് വേദന വരാനിരിക്കുന്നത് എന്ന് കാത്തിരുന്നു കാണാമെന്നും എം.ടി രമേശ്.

🔳എല്‍ഡിഎഫ് യോഗം വ്യാഴാഴ്ച. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

🔳നിലമേലില്‍ ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പോലീസ് പിടികൂടിയത്.

🔳മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോപോളിറ്റന്‍ കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

🔳കോണ്‍ഗ്രസ് വിഘടനവാദികളുടെ ഭാഷ സംസാരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന പി. ചിദംബരത്തിന്റെ പ്രസാതവനയെ പരാമര്‍ശിച്ചാണ് ജാവദേക്കര്‍ കോണ്‍ഗ്രസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

🔳മധ്യപ്രദേശിലെ 28 മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുവേണ്ടി പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

🔳ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രിക പുറത്തിറക്കി. 10 ലക്ഷം പേര്‍ക്ക് തൊഴിലാണ്. പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനം. സഖ്യത്തിന് വോട്ട് ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

🔳പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്രാ വനിതാ – ശുശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് മൂന്നുമാസം കഠിന തടവും 15,500 രൂപ പിഴയും. എട്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

🔳ജാര്‍ഖണ്ഡില്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സബ്സിഡി നിരക്കില്‍ ദോത്തി അല്ലെങ്കില്‍ ലുങ്കി, സാരി എന്നിവ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വര്‍ഷത്തില്‍ രണ്ട് തവണ 10 രൂപ നിരക്കിലാണ് ഇവ നല്‍കുക.

🔳വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. 2015 മുതല്‍ 2018 വരെ മഹാക്ഷയ് ചക്രവര്‍ത്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ആ കാലയളവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി.

🔳ബെംഗളൂരു മഗഡി താലൂക്കില്‍ ദളിത് യുവാവിനെ പ്രണയിച്ച 18-കാരി ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മാവിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു.
സംഭവത്തില്‍ പ്രതികളായ കൃഷ്ണപ്പ(48) ബന്ധുക്കളായ ചേതന്‍ എന്ന യോഗി(21) 17-കാരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

🔳ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107 രാജ്യങ്ങളുടെ പട്ടികയില്‍ 94-ാം സ്ഥാനത്ത്. പട്ടികയില്‍ ‘ഗുരുതരം’ വിഭാഗത്തിലാണ് ഇന്ത്യ. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനം പോഷകക്കുറവ് അനുഭവിക്കുന്നുണ്ട്.

🔳ഇന്ത്യയിലെ ദരിദ്രര്‍ക്ക് വിശക്കുന്നു, കാരണം ചില പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റുകള്‍ നിറയ്ക്കുന്നതില്‍ മോദി സര്‍ക്കാര്‍ തിരക്കിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആഗോള പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ മോദി വിമര്‍ശനം.

🔳ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 1,031 മരണം. 61,893 പേര്‍കൂടി രോഗികളായി. ഇതുവരെ 1,14,064 പേര്‍ മരിച്ചു. 74.92 ലക്ഷം പേരാണു രോഗബാധിതരായത്. 7.83 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 65.94 ലക്ഷം പേര്‍ രോഗമുക്തരായി.

 

🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം നാല് കോടിയിലേക്ക്. ലോകത്ത് ഇന്നലെ കോവിഡ് ബാധിച്ച്  5,538 പേര്‍കൂടി മരിച്ചപ്പോള്‍ 3,70,352 പേര്‍ കൂടി രോഗികളായി.  ഇതുവരെ 11,14,167 പേര്‍ മരിക്കുകയും 3.99 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 633 പേരും ബ്രസീലില്‍ 446 പേരും മരിച്ചു.

🔳ന്യൂസീലന്‍ഡിലെ പൊതുതിരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടി പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍. ആകെ രേഖപ്പെടുത്തിയ 87% വോട്ടില്‍ ആര്‍ഡേന്റെ ലേബര്‍ പാര്‍ട്ടിക്ക് 49% പിന്തുണ ലഭിച്ചു. അതേ സമയം പ്രതിപക്ഷത്തുള്ള നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ.

🔳യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ ന്യൂയോര്‍ക്ക് പോസ്റ്റ് ലേഖനം പ്രചരിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ട്വിറ്റര്‍ നീക്കി. ഉപയോക്താക്കളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇതിനെതിരെ രംഗത്തുവന്നതോടെയാണ് ട്വിറ്റര്‍ ഈ ലേഖനം ഷെയര്‍ ചെയ്യുന്നതിന് അനുമതി നല്‍കിയത്.

🔳22 പന്തുകളില്‍ നിന്നും പുറത്താകാതെ 55 റണ്‍സെടുത്ത എ.ബി.ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ഒരുഘട്ടത്തില്‍ തോല്‍വി നേരിട്ട ബാംഗ്ലൂരിനെ ഒറ്റയ്ക്ക് തോളിലേറ്റി വിജയതീരത്തിലെത്തിക്കുകയായിരുന്നു ഡിവില്ലിയേഴ്സ്.
178 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 2 പന്ത് ശേഷിക്കേയാണ് വിജയലക്ഷ്യത്തിലെത്തിയത്.

🔳ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു. 58 പന്തില്‍ നിന്ന് 1 സിക്സും 14 ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്ന ശിഖര്‍ ധവാനാണ് ഡല്‍ഹി വിജയത്തിന്റെ നെടുംതൂണ്‍. എന്നാല്‍ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണ അതിര്‍ത്തി കടത്തിയ അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.

🔳ഇന്ത്യയിലെ മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ മുന്നില്‍ സാംസങ്. സെപ്റ്റംബറില്‍ അവസാനിച്ച പാദവാര്‍ഷിക കണക്കിലാണ് ചൈനീസ് കമ്പനി ഷവോമിയെ മറികടന്ന് ദക്ഷിണ കൊറിയന്‍ കമ്പനി മുന്നിലെത്തിയത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഷവോമിയുമായുള്ള അകലം കുറച്ച് സാംസങ് നേട്ടമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കുറി ഒന്നാം സ്ഥാനത്തേക്ക് കമ്പനി തിരിച്ചെത്തിയത്. 2018 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിപണി സ്വാധീനവും സാംസങ് നേടി.

🔳ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി ലഭ്യമാകുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഐഡിബിഐ ബാങ്ക്. അക്കൗണ്ടിലെ ബാലന്‍സ്, അവസാന അഞ്ച് ഇടപാടുകളുടെ വിവരം, ചെക്ക് ബുക്കിനുള്ള അപേക്ഷ, ഇമെയില്‍ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി ലഭ്യമാകുന്ന പദ്ധതിക്കാണ് ബാങ്ക് തുടക്കമിടുന്നത്. വിവിധ പലിശ നിരക്കുകള്‍, തൊട്ടടുത്തുള്ള ബാങ്ക് ബ്രാഞ്ച് വിവരം, എ ടി എം സെന്ററുകളുടെ വിവരം തുടങ്ങിയവയും വാട്ട്‌സാപ്പ് വഴി ലഭിക്കും.

🔳രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് നടി സൗന്ദര്യ. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സൗന്ദര്യയുടെ മരണം. തെലുങ്കില്‍ സൗന്ദര്യയുടെ ബയോപിക് ഒരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിനായി സായ് പല്ലവിയെ സമീപിച്ചതായും, താരം സമ്മതിച്ചാല്‍ അടുത്ത വര്‍ഷം ചിത്രം പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳പ്രഖ്യാപനം മുതല്‍ വിവാദങ്ങള്‍ പിന്തുടരുന്ന ചിത്രമാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’. വിജയ് സേതുപതി ചിത്രത്തില്‍ അഭിനയിക്കുന്നതിന് എതിരെയും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ മുത്തയ്യ മുരളീധരന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി അസുരന്‍ താരം ടീജെയെ സമീപിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ താരം ഈ വേഷം നിരസിക്കുകയായിരുന്നു.

🔳ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം വിപണിയിലിറക്കി. മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം പുറത്തിറങ്ങുന്നത്. 60,950 രൂപയാണ് വാഹനത്തിന്റെ ദില്ലി എകസ് ഷോറൂം വില.

🔳ഈ കൊവിഡ് കാലത്ത് നിരവധി ആളുകളില്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം കണ്ട് വരുന്നതായി വിദഗ്ധര്‍ പറയുന്നു. കമ്പ്യൂട്ടര്‍, ടാബ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ദീര്‍ഘനാളത്തെ ഉപയോഗം മൂലം കണ്ണിനും കാഴ്ചയ്ക്കും ഉണ്ടാവുന്ന തകരാറുകളാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം’. കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, കാഴ്ച കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, തലവേദന, കണ്ണിന് അമിതമായ ചൂട്,  കണ്ണ് ചൊറിച്ചില്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്ന് പറയുന്നത്. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം 50 ശതമാനം മുതല്‍ 80 ശതമാനം വരെ ആളുകള്‍ക്ക് അവരുടെ ജോലിയുടെ ഭാഗമായി കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ കൂടുതല്‍ സമയം ഉറ്റുനോക്കുന്നത് കൊണ്ട് ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. കമ്പ്യൂട്ടര്‍ അമിതമായി ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ട് വരുന്നത്. കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഓരോ 20 മിനിറ്റിലും 20 സെക്കന്റിലും കണ്ണടച്ചിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രധാനമായും കമ്പ്യൂട്ടര്‍ മോണിറ്റര്‍ കണ്ണിന്റെ ലെവലിനു താഴെ വയ്ക്കുന്ന രീതി സ്വീകരിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവശ്യമായ കാര്യമാണ് കണ്ണിന്റെ ആരോഗ്യം. കൃത്യമായി പരിചരിച്ചില്ലെങ്കില്‍ കാഴ്ചക്കുറവിലേക്ക് ഇത് നയിക്കാം.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക