അഹമ്മദാബാദ്: തുടര്‍ച്ചയായി രണ്ടാം വട്ടവും ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക്. അഹമ്മദാബാദില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള നാലാം ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണെങ്കിലും ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ശ്രീലങ്കയ്ക്ക് എതിരേ ന്യൂസിലന്റ് വിജയം നേടിയതോടെയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
രണ്ടു വിക്കറ്റിനായിരുന്നു ന്യൂസിലന്റിന്റെ വിജയം.
പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ രണ്ട് ഇന്നിംഗ്‌സുകളിലുമായി 355, 302 എന്ന സ്‌കോറിന് മറുപടിയായി ന്യൂസിലന്റ് 373, 285 എന്ന സ്‌കോര്‍ നേടിയാണ് വിജയം നേടിയത്. സെഞ്ച്വറി നേടിയ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും അര്‍ദ്ധശതകം നേടിയ ഡാരില്‍ മിച്ചലിന്റെയും ബാറ്റിംഗാണ് ന്യൂസിലന്റിന് രണ്ടാം ഇന്നിംഗ്‌സില്‍ തുണയായത്. വില്യംസ് 121 റണ്‍സ് എടുത്ത് പുറത്താകാതെ നിനന്‌പ്പോള്‍ ഡാരില്‍ മിച്ചല്‍ 81 റണ്‍സ് എടുത്ത് ഇന്നിംഗ്‌സിന് മുതല്‍ക്കൂട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ ഡാരില്‍ മിച്ചല്‍ (102) സെഞ്ച്വറി നേടിയിരുന്നു. ടോം ലാഥത്തിന്റെ അര്‍ദ്ധശതകവും (67) വാലറ്റത്ത് മാറ്റ് ഹെന്‍ട്രി (72)യും മികച്ച ബാറ്റിംഗ് നടത്തിയത് ന്യൂസിലന്റിന് മുതല്‍ക്കൂട്ടായി.
ശ്രീലങ്കന്‍ ഇന്നിംഗ്‌സില്‍ 87 റണ്‍സ് എടുത്ത കുസാല്‍ മെന്‍ഡിസും 50 റണ്‍സ് അടിച്ച നായകന്‍ ദിമുത് കരുണനായകെയും ആദ്യ ഇന്നിംഗ്‌സില്‍ തിളക്കം കാട്ടിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ആഞ്ജലോ മാത്യൂസ് (115) നു മാത്രമാണ് തിളങ്ങാനായത്. രണ്ട് ഇന്നിംഗ്‌സിലുമായി ടിം സൗത്തിയും മാറ്റ് ഹെന്‍ട്രിയും ഏഴു വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് കെട്ടഴിച്ചു.