കഥയുടെ പേര് O+ve

ഈ കഥയ്ക്ക് അത്ര പഴക്കമൊന്നുമില്ല…കാരണം ഇത് എന്റെ കഥയാണ്…ഞാൻ ആണ് ഈ കഥയിലെ നായകൻ…എന്നിരുന്നാലും മാറിയ കാലഘട്ടത്തിൽ ഇടിച്ചുകയറിയ ആ മഹാമാരിയിൽ പെട്ട് വിയർത്തൊലിച്ചു നിൽക്കുന്ന നമ്മുടെ കാലഘട്ടവും ഈ കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്.അപ്പൊ വില്ലൻ അവൻ തന്നെ ‘കൊറോണ’.പക്ഷേ ഒരു കാര്യം ഈ കഥയിൽ ഞാൻ അവന്റെ പേര് ഇനി പറയില്ല.

ശ്വാസനിശ്വാസങ്ങൾ പോലും മനുഷ്യന് ശത്രുവായി മാറിക്കഴിഞ്ഞു.രോഗം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ രക്തദാനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളെ പറ്റി നിങ്ങൾ ഓർത്തിട്ടുണ്ടോ? ഈ കഥയിൽ രക്തദാനത്തിന് പ്രസക്തി എന്തെന്ന് നിങ്ങൾ കരുതുന്നുണ്ടാവും, പക്ഷേ ഞാൻ ആദ്യമേ പറഞ്ഞല്ലോ? ഇത് എന്റെ കഥയാണ്. ഞാനുമൊരു രക്തദാതാവ് ആണ്.

ഇന്ന് എനിക്ക് നേരം പുലർന്നത് തന്നെ Blood Donate ചെയ്യ്തിട്ട് മൂന്നുമാസം കഴിഞ്ഞെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ്. അടുത്ത രക്തദാനത്തിന് സമയമായി. പോണം, മനസ്സിൽ പിറുപിറുത്തുകൊണ്ട് ഒട്ടും വൈകാതെ കുളിച്ചു പുറപ്പെട്ടിറങ്ങി. എന്റെ തിടുക്കം കണ്ട് സംശയിച്ചു നിൽക്കുകയാണ് അമ്മ! നീ എവിടെ പോകുന്നടാ രാവിലെ തന്നെ? അമ്മ തറപ്പിചൊന്ന് നോക്കി. ഇന്നാണ് ബ്ലഡ് ഡൊണേറ്റ് ചെയ്യേണ്ടത്. പറഞ്ഞു തീരുന്നതിനുമുമ്പ് അമ്മ ആക്രോശിച്ചു. നീയെന്താ കൊച്ചു കുട്ടി ആണോ? ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഓർക്കണ്ടേ?… അമ്മ ഒന്ന് ചുമ്മാതെ ഇരുന്നേ എനിക്ക് പോണം, ഞാൻ ഇടയിൽ കയറി പറഞ്ഞു വീണ്ടും തടയാൻ ഒരുങ്ങിയ അമ്മയ്ക്ക് നേരെ അച്ഛന്റെ മുഖം കനത്തു വരുന്നത് ഞാൻ കണ്ടു, പ്രതിസന്ധികളിലും രക്തത്തിന്റെ ആവശ്യകത അച്ഛന് നല്ലപോലെ അറിയാമായിരുന്നു, എന്നെ നോക്കി സൂക്ഷിച്ചു ‘പോയി വാ’ എന്ന് അച്ഛൻ പറഞ്ഞു നിർത്തി, ഒന്ന് പരുങ്ങി കൂട്ടുകാരൻ സുധീഷുമായി ഞാൻ റോഡിലേക്കിറങ്ങി.

 

വഴിക്കുവെച്ച് പോലീസ് കൈകാണിച്ചു. ‘എവിടെ പോകുന്നടാ?.. കാലത്തെക്കുറിച്ച് ബോധമില്ലേ? വീട്ടിൽ ഇരിക്കാൻ വയ്യേ? ‘ അയാൾ തുടർന്നു കൊണ്ടേയിരുന്നു. ‘ബ്ലഡ് ഡൊനേഷന് വേണ്ടി പോവുകയാണ് സാർ, ‘ഞാൻ ശാന്തമായി പറഞ്ഞു… ഒട്ടും വിശ്വാസം വരാത്ത മട്ടിൽ എന്നെ ഒന്ന് ഇരുത്തി നോക്കി അയാൾ പറഞ്ഞു, ‘ചുറ്റിക്കറങ്ങാൻ ഓരോ കാരണം, ഉം ചെല്ല് ‘- ഒന്നും പറയാതെ ഞാൻ വേഗം സ്ഥലം വിട്ടു.

ബ്ലഡ് ഡൊണേഷന് വേണ്ടി പുറത്തു നിൽക്കുമ്പോഴാണ് സിസ്റ്റർ ചോദിച്ചത്, ‘തന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാ? ‘ ‘ O+ve ‘ ഞാൻ മറുപടിയായി പറഞ്ഞു. ആദരവ് നിറഞ്ഞ ഒരു ചിരിയോടെ ‘ O+ve ഓ’. അത് അത്ര റയർ ഗ്രൂപ്പ് ഒന്നുമല്ലല്ലോ? പിന്നെ എന്തിനാ ഈ സാഹചര്യത്തിൽ…’ ചോദ്യം അവസാനിപ്പിക്കാൻ സമ്മതിക്കാതെ ഞാൻ ഇങ്ങനെ പറഞ്ഞു, ‘രക്തദാനം എനിക്കൊരു ബുദ്ധിമുട്ടല്ല’ ‘കൃത്യമായി വന്ന് ഡൊണേറ്റ് ചെയ്യാറുണ്ടല്ലേ? അതിന്റെ കാരണം എന്താ’ സിസ്റ്റർ സംശയിച്ചു. ഞാനൊന്ന് തലവെട്ടിച്ച് പഴയ ചില കാര്യങ്ങൾ ഓർത്തെടുത്തു. തൽക്കാലം ഇവിടെ ഒന്ന് പോസ്സ് ചെയ്ത്… നമ്മുക്ക് ബേക്കിലോട്ട് ഒന്ന് പോയി വരാം!..

“അമ്മമ്മയുടെ ഓപ്പറേഷനു വേണ്ടി ബ്ലഡ് അന്വേഷിച്ചു നടന്ന ആ സമയം. അത്രമാത്രം പക്വതയാവാത്തകാലത്തും എനിക്ക് ചുറ്റും ഒരു ഒരുപറ്റം സൗഹൃദങ്ങൾ ഉണ്ടായിരുന്നു. B-ve ഗ്രൂപ്പ് റയർ ഗ്രൂപ്പ്‌ ആയിരുന്നിട്ടു പോലും, പരസ്പരം കണ്ടിട്ടു പോലുമില്ലാത്ത ഏതെല്ലാമോ പല സൗഹൃദങ്ങളാണ് അന്ന് എന്നെ തുണച്ചത്. രക്തദാനം മഹാദാനമാണെന്ന തിരിച്ചറിവ് ആശുപത്രി വരാന്തയിൽ വെച്ച് ഞാൻ ഉൾക്കൊണ്ട് തുടങ്ങി” ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ തല അല്പം ഉയർന്നുനിന്നു, അന്തസ്സ്…..

ആശുപത്രി വിട്ടിറങ്ങുമ്പോഴാണ് ഒരു കുട്ടിയുമായി ഞാൻ പരിചയപ്പെടുന്നത് സംസാരത്തിനിടയിൽ അവൾ പറഞ്ഞു..’എന്റെ ഉമ്മച്ചിക്കും ഇത്തിരി ബ്ലഡ് വേണം… അവൾ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്, പേര് സൻഹ. പക്വത എത്തിയിട്ടില്ലാത്ത അവൾ എന്നോട് ചോദിച്ചു. “ഏട്ടന്റെ ബ്ലഡ് ഉമ്മച്ചിക്ക് പറ്റില്ലല്ലോ? ഞങ്ങൾ മുസ്ലീം അല്ലേ” അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിനു മുന്നിലാണ്, രക്തദാനം മറച്ചുവയ്ക്കുന്ന സ്വാഭാവികമായ സാമൂഹ്യ വേർതിരിവുകളെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്. ആദ്യം അധിശയിച്ചു നിന്നെങ്കിലും, അവളുടെ കവിളിൽ ചെറുതായൊന്നു നുള്ളി ഞാൻ മറുപടി പറഞ്ഞു, ‘ഇല്ല മോളെ അങ്ങനെ ഒന്നും ഇല്ലാ..’ അവളെ നോക്കി കണ്ണിറുക്കി ചിരിച്ച് ഞാൻ തിരിഞ്ഞുനടന്നു മനസ്സ് മന്ത്രിക്കുകയാണ്. മണ്ണിൽ വാഴേണ്ടത് മനുഷ്യനും മനുഷ്യത്വവുമാണ്, മതങ്ങളല്ല… മനുഷ്യനെ ഒറ്റകെട്ടാക്കി ഒതുക്കി നിർത്തുന്ന രക്തം മനുഷ്യന്റെ മാത്രമല്ല. ഒരു സമൂഹത്തിന്റെ കൂടെ ജീവിതധാരയാണ്.”

പിന്നീടുള്ള കുറച്ചു മാസങ്ങൾക്ക് ശേഷം അടുത്ത ഒരു ബ്ലഡ് ഡൊണേഷന് വേണ്ടി ഞാൻ ഇറങ്ങി. അന്നും ആ പഴയ പോലീസുകാരനെ കണ്ടു.. ഇതിനിടയിൽ ഞങ്ങൾ പരസ്പരം പരിചയക്കാരായി മാറിക്കഴിഞ്ഞിരുന്നു. മാത്രമല്ല.. കൊറോണക്കാലത്തെ എന്റെ മൂന്നാമത്തെ രക്തദാനം ആണ് ഇത്‌…കണ്ടപാടെ അയാൾ തിരക്കി, രക്തദാനത്തിന് പോവുക ആയിരിക്കും അല്ലെ.. ഞാൻ ഉം എന്ന് തലയട്ടി. ‘Ok.Keep It Up’, അയാൾ പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണിൽ അന്ന് കണ്ട സംശയമില്ലായിരുന്നു. കാക്കിക്കുള്ളിലെ ആ പരുക്കൻ കാരണവരുടെ നോട്ടം മതിയായിരുന്നു എന്നെ സന്തോഷിപ്പിക്കാൻ. ആ ദിവസവും പൂർത്തിയാക്കിയ തൃപ്തിയിൽ എന്റെ രാത്രി മറിഞ്ഞു.

എന്റെ കഥ ഇനിയും തുടരും. സിരകളിൽ രക്തം തുടിക്കുവോളം ഏതവസ്ഥയിലും എന്നിലെ ദാതാവ് ഉണർന്നിരിക്കും. ഏതു കാലത്തിനൊപ്പവും ഓടാൻ തയ്യാറുള്ള ഒരു അനുസരണയുള്ള കുട്ടിയെ പോലെ.

മൂന്ന് മാസങ്ങൾക്ക് ശേഷം….

വഴിയോരത്തെ ചായക്കടയിൽ, ചൂട് ചായ മോന്തിക്കുടിക്കുമ്പോഴാണ് അർജുന്റെ കാൾ വരുന്നത്..ആ..അനൂപേ, O+ve രക്തം കിട്ടാനുണ്ടോ?, അത്യാവശ്യമാണ്. അവൻ അന്വേഷിച്ചു. ഹ..പിന്നില്ല്യാണ്ട്. ദേ ഞാൻ ഇപ്പോ എത്താം…

അപ്പോ എന്റെ പേര് ഇവിടെ കേട്ടുകാണുമല്ലോ അനൂപ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക