തനിക്ക് സ്കൂളിൽ നിന്ന് ലഭിച്ച പണവും അരിയും എടുത്ത അച്ഛനെതിരെ കളക്ടർക്ക് പരാതി നൽകി ആറാം ക്ലാസുകാരി.

തനിക്ക് സ്കൂളിൽ നിന്ന് ലഭിച്ച പണവും അരിയും എടുത്ത അച്ഛനെതിരെ കളക്ടർക്ക് പരാതി നൽകി ആറാം ക്ലാസുകാരി. വീട്ടിൽ നിന്ന് 10 കിലോമീറ്റർ ദൂരം നടന്നാണ് 11 വയസ്സുകാരിയായ പെൺകുട്ടി പരാതി നൽകിയത്. ഒഡീഷയിലെ ഡുകുക ഗ്രാമത്തിൽ താമസിക്കുന്ന സുശ്രീ സംഗീത സേഥിയാണ് പിതാവിനെതിരെ കളക്ടർക്ക് പരാതി നൽകിയത്. സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തു.
ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് സർക്കാർ നൽകിയ പണവും അരിയും പിതാവ് രമേശ് ചന്ദ്ര സേഥി തട്ടിയെടുത്തു എന്നായിരുന്നു കുട്ടിയുടെ പരാതി. ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് നൽകുന്ന പണം വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലാണ് സർക്കാർ നിക്ഷേപിക്കുന്നത്. എന്നാൽ, തൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം പിതാവ് സ്വന്തം അക്കൗണ്ട് വിവരങ്ങളാണ് നൽകിയതെന്നും ആ അക്കൗണ്ടിലാണ് സർക്കാർ പണം നിക്ഷേപിക്കുന്നതെന്നും കുട്ടി പരാതിയിൽ സൂചിപ്പിക്കുന്നു. പണം ആവശ്യപ്പെട്ടാൽ പിതാവ് നൽകാറില്ലെന്നും തനിക്ക് ലഭിക്കുന്ന അരി പിതാവ് വാങ്ങുന്നുവെന്നും കുട്ടി പരാതിയിൽ പറയുന്നു. പരാതിയിൽ ഇടപെട്ട കളക്ടർ, അനുവദിച്ച പണം ഉടൻ തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകി. പണവും അരിയും വീണ്ടെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കളക്ടർ ഉത്തരവിട്ടു.

രണ്ട് വർഷം മുൻപ് കുട്ടിയുടെ അമ്മ മരിച്ചതിനെ തുടർന്ന് പിതാവ് രണ്ടാം വിവാഹം കഴിച്ചിരുന്നു. എന്നാൽ, പിതാവോ രണ്ടാനമ്മയോ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക