ഓഫിസിലെ കംപ്യൂട്ടറില്‍ പാട്ടുകേള്‍ക്കലും സിനിമ കാണലും വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് കമ്മിഷണറുടെ നിര്‍ദേശം.
മേലധികാരിയുടെ അനുമതിയില്ലാതെ ഓഫിസിലെ കംപ്യൂട്ടര്‍ ഉപയോഗിക്കരുതെന്നാണ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്റെ നിര്‍ദേശം. വ്യക്തിപരമായ കാര്യങ്ങള്‍ ഓഫിസ് കംപ്യൂട്ടറില്‍ സൂക്ഷിച്ചുവയ്ക്കുക പോലും ചെയ്യരുതെന്ന് രേഖാമൂലം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓഫിസുകളിലെ കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കമ്മിഷണറുടെ ഇടപെടല്‍. തിരുവനന്തപുരം ജില്ലയിലെ ഒരു ഓഫിസില്‍ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ കംപ്യൂട്ടറില്‍ സിനിമ കാണുന്നതു പതിവാണെന്ന പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കംപ്യൂട്ടറില്‍ സ്പീക്കര്‍ ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഓഫിസിലെ കംപ്യൂട്ടറില്‍ പാസ്‌വേഡ് നിര്‍ബന്ധമാണ്. മൂന്നു മാസത്തിലൊരിക്കല്‍ കംപ്യൂട്ടറുകളില്‍ വൈറസ് പരിശോധന നിര്‍ബന്ധമായി നടത്തണം. കംപ്യൂട്ടര്‍ ദുരുപയോഗം ചെയ്താല്‍ വകുപ്പുതല നടപടിയെടുക്കുമെന്നും കമ്മിഷ്ണര്‍ മുന്നറിയിപ്പ് നല്‍കി.