പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് പ്രായം 50, നിയമസഭാം​ഗമായി അരനൂറ്റാണ്ട് തികച്ച് ഉമ്മൻ ചാണ്ടി.

പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് പ്രായം 50, നിയമസഭാം​ഗമായി അരനൂറ്റാണ്ട് തികച്ച് ഉമ്മൻ ചാണ്ടി.

 

നിയമസഭാം​ഗമായി അരനൂറ്റാണ്ട് തികച്ച് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകൾ ജയിച്ച്, ഇന്ന് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് കേരള നിയമസഭയിൽ 50 വർഷം തികയ്ക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മണ്ഡലത്തിൽ നിന്ന്, കൂടുതൽ കാലം തുടർച്ചയായി വിജയിച്ച, ജീവിച്ചിരിക്കുന്ന, നിയമസഭ സാമാജികൻ ഉമ്മൻ ചാണ്ടിയാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ നേതാവ് എന്ന റെക്കോഡിന് മുന്നിൽ, ഇനി ഒരാൾ മാത്രമേയുള്ളൂ, 13 തെരഞ്ഞെടുപ്പുകൾ പാലയിൽ ജയിച്ച കെ എം മാണി. 76 വയസിനിടെ അമ്പതുവർഷവും ജനപ്രതിനിധിയായിരുന്ന, മന്ത്രിയായിരുന്ന, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കൂടാതെ കേരളത്തിന്റെ ചരിത്രം പറഞ്ഞു പോവുക സാധ്യമല്ല. ഉമ്മൻചാണ്ടിയുടെ ജീവിതം, അത് ഉമ്മൻചാണ്ടിയുടേത് മാത്രമല്ല പുതുപ്പള്ളിയുടെതാണ്, കോട്ടയത്തിന്റെതാണ്, കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ അനുഭവങ്ങളുൾ കൂടി ചേരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ.

27 -ാം വയസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻ ചാണ്ടി ആദ്യമായി മൽസരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് വലിയൊരു പിളർപ്പ് നേരിട്ട് നിൽക്കുന്ന സമയം. പുതുപ്പള്ളിയാകട്ടെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുമായിരുന്നു. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നാണ് നേതൃത്വം ഉമ്മൻചാണ്ടിയെ ധരിപ്പിച്ചത്. എന്നാൽ 1970 ലെ തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞ്ഞെട്ടിച്ച് സിറ്റിങ് എം എൽ എ ഇ.എം.ജോർജിനെ 7233 വോട്ടിന് പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി വിജയിച്ചു.

 

 

1970 ന് ശേഷം നടന്ന 1977, 80, 82, 87, 91,96, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിലും ഉമ്മൻചാണ്ടി വിജയം തുടർന്നു. ഉമ്മൻചാണ്ടി എന്ന കുഞ്ഞൂഞ്ഞ് എന്തുകൊണ്ട് ഇത്രകണ്ട് ജനകീയമാകുന്നു എന്ന് ചേദിച്ചാൽ, ഉത്തരം ലളിതമാണ്. അദ്ദേഹത്തേ പോലെ അദ്ദേഹം മാത്രമേയുള്ളു. മുഖ്യമന്ത്രിയായിരിക്കുമ്പോൾ രാവിലെ ക്ലിഫ് ഹൗസിലും പിന്നെ ഓഫീസിലും, നിയമസഭ ചേരുമ്പോൾ അവിടത്തെ ഓഫീസിലും ജഗതിയിലെ പുതുപ്പള്ളി ഹൗസിലും രൂപപ്പെടുന്ന ആൾക്കൂട്ടവും ഞായറാഴ്ച പ്രഭാതങ്ങളിൽ പുതുപ്പള്ളിയിലെ കുടുംബ വീട്ടിൽ നടക്കുന്ന വിഖ്യാതമായ ജനസമ്പർക്കവുമെല്ലാം എഴുതിപ്പഴകിയ, പറഞ്ഞ് കേട്ട ഉമ്മൻ ചാണ്ടി കഥകളാണ്. ഒരിക്കലെങ്കിലും ഉമ്മൻചാണ്ടിയെ കാണാൻ പോയിട്ടുള്ളവർക്ക് ആ കഥകളിലൊന്നും അതിശയോക്തി ഇല്ലെന്ന് വ്യക്തമായിട്ടുണ്ടാവണം. ആർക്കും ഉമ്മൻ ചാണ്ടിയുടെ അടുത്തേക്ക് എപ്പോഴും ചെല്ലാം, എന്ത് സങ്കടവും പറയാം. സാധാരണക്കാരുമായുള്ള ഈ നിത്യസമ്പർക്കത്തിലൂടെ അനേകായിരം ജീവിതങ്ങളിൽ കൊളുത്തിവെച്ച വെളിച്ചത്തിന്റെ ഒരംശം മാത്രമായിരിക്കും ഉമ്മൻ ചാണ്ടിയുടെ ബൃഹത് പദ്ധതികളായി പറയുന്ന, ഒരു രൂപയ്ക്ക് ഒരു കിലോ അരി, 25 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ്, എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ്, ജനസമ്പർക്ക പരിപാടി തുടങ്ങി വല്ലാർ പാടം തുറമുഖം, പെട്രോനെറ്റ് എൽ.എൻ.ജി പദ്ധതി, വിഴിഞ്ഞം തുറമുഖം, സ്മാർട്ട് സിറ്റി വികസനം, കൊച്ചി മെട്രോ റെയിൽ, കണ്ണൂർ വിമാനത്താവളം, മലയോര ഹൈവേ, ശബരിമല വികസനം, മിഷൻ 2010 വരെ നീളുന്ന നിരവധി പദ്ധതികൾ.

ജനങ്ങളുമായുള്ള നിത്യസമ്പർക്കം കാലങ്ങളായി അദ്ദേഹത്തിന്റെ ജീവിതശൈലിയിലുറച്ച സ്ഥായീഭാവമാണ്. എന്റെ പാഠപുസ്തകം ജനങ്ങൾ ആണെന്ന് അദ്ദേഹം പറയുമ്പോൾ അതിൽ അതിശയോക്തി ഒട്ടുമില്ല. അതുകൊണ്ടാണല്ലോ യാതൊരു മടുപ്പുമില്ലാതെ ഈ 50 വർഷക്കാലം, പുതുപ്പള്ളികാർ ഇത്ര തിളക്കമുള്ള വിജയങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചത്.
ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയിലുള്ള സ്നേഹത്തെയും വിശ്വാസത്തെയും അയടിസ്ഥാനത്തിലാണ് രാഷ്ട്രീയക്കാരനും ഭരണകർത്താവുമെന്ന നിലക്കുള്ള സമീപനങ്ങൾ രൂപപ്പെടുത്തുന്നത്. ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് സ്വത്ത് എന്നും അക്കാര്യത്തിൽ മറ്റാരേക്കാളും സമ്പന്നനാണെന്നും ഉമ്മൻ ചാണ്ടി വിശ്വസിക്കുന്നു. ഈ സ്നേഹത്തെയും വിശ്വാസത്തെയും അടിസ്ഥാനത്തിലാണ്, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഇത്രയധികം പ്രതികൂലമായ സാഹചര്യങ്ങളിലൊന്നിലും ഒരു ശിഖരം പോലും കുലുങ്ങാത്ത വന്മരമായി അദ്ദേഹം ഉറച്ചു നിന്നത്.

 

രാഷ്ട്രീയക്കാരന്റെ സ്വതസിദ്ധമായ രഥപാതകളിൽ കരുതലിന്റെയും അനുകമ്പയുടെയും മുഖം ആവുന്നതോടൊപ്പം തന്നെ എതിരാളികളെ കൊണ്ടുപോലും കയ്യടിപ്പിക്കുന്ന അതീവ ബുദ്ധിമാനായ, കൗശലക്കാരനായ ഒരു മാന്ത്രികൻ കൂടിയാണ് ആണ് ഉമ്മൻചാണ്ടി. കെ.എസ്.യു എന്ന കോൺഗ്രസിൻറെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്നത്. ഇ.എം.എസ് എന്ന അതികായനായ മുഖ്യമന്ത്രിയോട് മല്ലുപിടിച്ചാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും കെ.എസ്.യുവിനെ വളർത്തിയതും നേതാവ് എന്ന നിലയിൽ ഉമ്മൻ ചാണ്ടി വളർന്നതും. അതുപോലെ മുന്നിൽ നിന്ന് നയിക്കുന്ന മറ്റൊരു നേതാവ് ഇന്ന് വരെ കേരളത്തിലെ ഒരു യുവജന പ്രസ്ഥാനത്തിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. പിന്നീട് കേരളത്തിലെ അതിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക ചേരുവകളിൽ ഉമ്മൻചാണ്ടി ഒഴിച്ച് കൂടാനാവാത്ത ഘടകമായി വളരുകയായിരുന്നു, കോൺഗ്രസിലെ ഗ്രൂപ്പ് കളികളിലും ഹൈക്കമാൻഡിനോടുള്ള മൽപ്പിടുത്തങ്ങളിലും ഉമ്മൻചാണ്ടി മുന്നിൽ തന്നെ ഉണ്ടായിരുന്നു.

 

 

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീടിന്റെ മുറ്റത്ത് നിന്ന് ആരംഭിച്ച ജനസമ്പർക്കം ആണ് വളർന്ന് കേരളം മുഴുവൻ വ്യാപിക്കുന്നതും, യു എൻ അംഗീകരം വരെ നേടുന്നതും. ഒരു പോസ്റ്റർ പോലും പോലും ഒട്ടിക്കാതെ, ഒരു തെരഞ്ഞെടുപ്പ് യോഗത്തെപോലും അഭിസംബോധന ചെയ്യാതെ, ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാമോ എന്ന് ചോദിച്ചാൽ ഉമ്മൻ ചാണ്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അത് പുതുപ്പള്ളികാരുടെ അന്ധമായ രാഷ്ട്രീയ ആരാധന കൊണ്ടൊന്നുമല്ല, ഈ മനുഷ്യൻ കഴിഞ്ഞ 50 വർഷക്കാലം ആ നാടിനെ ഹൃദയംകൊണ്ട് ചേർത്തുനിർത്തിയതുകൊണ്ടാണ്. ജാതി, മത, വർണ്ണ, വർഗ്ഗ ഭേദമൊന്നുമില്ലാതെ ഏതൊരാൾക്കും ഏത് പാതിരാത്രിയിലും ന്യായമായ ഏതൊരാവശ്യത്തിനും ഈ മനുഷ്യനെ സമീപിക്കാം എന്ന ഉറപ്പുള്ളതു കൊണ്ടാണ്.

നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന പുതുപ്പള്ളിയുടെ എംഎൽഎയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് ലൈറ്റ് ലൈൻസ് ന്യൂസിന്റെ ആശംസകൾ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക