Wednesday, March 22, 2023

കാലുമാറി ശസ്ത്രക്രിയ, ഡോക്ടര്‍ക്ക് പിഴവ് പറ്റി, വിശദമായ അന്വേഷണം വേണം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ പി ബെഹിര്‍ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

വിശദമായ അന്വേഷണം നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അഡീഷണല്‍ ഡിഎംഒ കൈമാറി. ഈ സാഹചര്യത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘം കൂടുതല്‍ പരിശോധന നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉള്‍പ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. ഇടതുകാലിന് പകരം വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയത്.

വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കുപറ്റി കക്കോടി സ്വദേശി സജ്‌നയാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയായ ഡോ പി ബെഹിര്‍ഷാന്‍ ആണ് സജ്‌നയെ ചികിത്സിച്ചത്. ശസ്ത്രക്രിയ നടത്തിയാല്‍ പരിക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സജ്‌ന ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. കഴിഞ്ഞ ദിവസം നടത്തിയ സര്‍ജറിയില്‍ ഇടതുകാലിന് പകരം വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സജ്‌ന നിര്‍ബന്ധിത വിടുതല്‍ വാങ്ങി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്.

പരാതി വന്ന ദിവസം ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളില്‍ ബെഹിര്‍ ഷാന്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് സജ്‌നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകളെല്ലാം ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതിയും കുടുംബം ആവര്‍ത്തിക്കുന്നു. അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ ബെഹിര്‍ ഷാനെതിരെ നടക്കാവ് പൊലീസ് ഇന്നലെ കേസെടുത്തത്. തുടര്‍ അന്വേഷണത്തില്‍ മാത്രമാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img