ന്യുഡല്‍ഹി: ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ ഇന്ത്യക്കാരെ അഭിനന്ദിച്ച് രാജ്‌സഭ. സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടക്കുന്നതിനിടെയാണ് സഭ ഓസ്‌കാര്‍ ജേതാക്കളെ അഭിനന്ദിക്കാന്‍ അല്പസമയം കണ്ടെത്തിയത്.
ചിരിയും ചിന്തയും നിറഞ്ഞതായിരുന്നും സഭാ നടപടികള്‍.
ഇന്ത്യയുടെ നേട്ടത്തെ പുകഴ്ത്തിയ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ, ഇത് ഇന്ത്യയ്ക്ക് വലിയ അഭിമാന നിമിഷമാണെന്നും പറഞ്ഞൂ. അവാര്‍ഡ് ജേതാക്കള്‍ ദക്ഷിണേന്ത്യക്കാരാണ്. താനുമൊരു ദക്ഷിണേന്ത്യക്കാരാനാണെന്നും അദ്ദേഹം പറഞ്ഞു.
നേട്ടത്തില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ട്. എന്നാല്‍ ഭരണപക്ഷത്തോട് ഒരു അപേക്ഷ മാത്രമുണ്ട്. എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ മോദിയാണെന്ന് പറയുന്നതുപോലെ ദയവായി ഇതിന്റെ ക്രെഡിറ്റും മോദിക്ക് കൊടുക്കരുത്. ‘ഞങ്ങള്‍ തിരക്കഥയെഴുതി മോദി ജി സംവിധാനം ചെയ്തതാണെന്ന് പറയരുത്’ അതുമാത്രമാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.
ഖാര്‍ഗെയുടെ പരാമര്‍ശം പ്രതിപക്ഷ ബെഞ്ചിനെ മാത്രമല്ല, ട്രഷറി ബെഞ്ചിനേയും രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറെയും പൊട്ടിച്ചിരിപ്പിച്ചു. മന്ത്രിമാര്‍ക്കും ചിരി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല.
RRRന്റെ തിരക്കഥ കൃത്തായ വി.വിജയ്പ്രസാദ് രാജ്യസഭാംഗം കൂടിയാണ്. 2022ലാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്.