ലോസ് ആഞ്ജലിസ്: 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി.കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിര്‍മാണം. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.

മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. എം.എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്.
ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ആണ് മികച്ച ചിത്രം. പതിനൊന്ന് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏഴ് വിഭാഗങ്ങളിൽ പുരസ്‌കാരം നേടി. മികച്ച സംവിധാനം, മികച്ച നടൻ, നടി, സഹനടി, സഹനടൻ, എഡിറ്റിങ്, തിരക്കഥ എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്‌കാരം നേടി.
ലോസ് ആഞ്ജലിസിലെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. നടി ദീപിക പദുക്കോൺ ചടങ്ങിൽ അതിഥിയായെത്തി. ആർആർആർ സംവിധായകൻ എസ്.എസ്. രാജമൗലി, നടൻമാരായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.