നിങ്ങൾ ഒരു ഫോട്ടോഗ്രാഫറാണോ…? കരുതിയിരിക്കുക. അവരുടെ ഫോക്കസിൽ നിങ്ങളും വീഴാം.

നിങ്ങൾ ഒരു ഫോട്ടോഗ്രാഫറാണോ…?
കരുതിയിരിക്കുക.
അവരുടെ ഫോക്കസിൽ നിങ്ങളും വീഴാം.

സൈബർ തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരേയും ലക്ഷ്യമിടുന്നതായി തൃശ്ശൂർ സിറ്റിപോലീസ് സൈബർ വിഭാഗം മുന്നറിയിപ്പുനൽകുന്നു.
ഫോട്ടോഗ്രാഫർമാരുടേയും വീഡിയോ എഡിറ്റർമാരുടേയും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റകൾ ഹാക്കർമാർ കൈവശപെടുത്തിയേക്കാം. ഇത് തിരികെലഭിക്കണമെങ്കിൽ അവർ പണം ആവശ്യപെടും. ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിക്കാനാണ് തട്ടിപ്പുകാർ ആവശ്യപെടുന്നത്. വിദേശരാജ്യങ്ങളിലിരുന്നാണ് തട്ടിപ്പുകാർ നമ്മുടെ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറുന്നത്.

വിശ്വാസ്യതയില്ലാത്ത ലിങ്കുകളിൽ ക്ളിക്കുചെയ്യുമ്പോഴോ, അനധികൃതമായ (ക്രാക്ക്ഡ് വേർഷൻ) സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറുന്ന റാൻസംവെയറുകളാണ് കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കുന്ന ഡാറ്റകളിലേക്ക് പ്രവേശിച്ച് അതിനെ എൻക്രിപ്റ്റ് ചെയ്യുന്നത്. ഇത്തരം റാൻസംവെയർ എൻക്രിപ്ഷൻ വഴി കമ്പ്യൂട്ടറിൽ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ മുഴുവനായി തട്ടിപ്പുകാർ കൈവശപെടുത്തുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ പിന്നീട് ഒന്നും നമുക്ക് കാണാനാകുകയില്ല. ഫോട്ടോഗ്രാഫർമാരുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള വിവാഹ ഫോട്ടോകൾ ഉൾപ്പെടെയുള്ള അതീവ പ്രാധാന്യമുള്ള ഡാറ്റകൾ നഷ്ടപ്പെടുന്നതോടെ ഇതിന് വിധേയമാകുന്നയാൾ ആകെ പരിഭ്രാന്തിയിലാകുന്നു. ഡാറ്റകൾ തിരികെ ലഭിക്കുന്നതിനുവേണ്ടി സൈബർ ക്രിമിനലുകൾ മോചനദ്രവ്യം ആവശ്യപ്പെടുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ അവർ ആവശ്യപ്പെട്ട പണം നൽകുവാൻ ഇര നിർബന്ധിതമാകുന്നു.

എങ്ങിനെ സൂക്ഷിക്കാം:

ഒറിജിനൽ അല്ലാത്ത സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാതിരിക്കുക.

അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകുന്ന പെർമിഷനുകളിൽ അടങ്ങിയിരിക്കുന്ന റിസ്ക് നല്ലതുപോലെ മനസ്സിലാക്കുക.

അതീവ പ്രാധാന്യമുള്ള ഡാറ്റകൾ സൂക്ഷിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിൽ എനിഡെസ്ക്, ടീംവ്യൂവർ പോലുള്ള വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

കമ്പ്യൂട്ടറിന്റെ പാസ് വേഡുകൾ ടെക്സ്റ്റ് രൂപത്തിൽ കമ്പ്യൂട്ടറിൽ ഫയലിൽ സൂക്ഷിക്കാതിരിക്കുക.

Wannacry പോലെ ഉള്ള എൻക്രിപ്ഷൻ വൈറസുകൾ കമ്പ്യൂട്ടറിൽ പ്രവേശിച്ച് നിങ്ങളുടെ ഫയലുകൾ എൻക്രിപ്റ്റ് ചെയ്ത് നഷ്ട്ടപ്പെടാതിരിക്കാൻ ഓപ്പറേറ്റിങ്ങ് സിസ്റ്റം കൃത്യമായി അപ്ഡേറ്റ് ചെയ്യുക.

സുരക്ഷിതമായ ആന്റി വൈറസ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക