കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശത്തില്‍ സിപിഎം നേതാവ് പി ജയരാജന്റെ ചിത്രം പതിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍.
കതിരൂര്‍ കൂര്‍മ്ബക്കാവിലെ ഉത്സവത്തിന്റെ കലശം വരവിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ചിത്രം പതിച്ചത്.
കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജന്‍ വ്യക്തമാക്കി. വിശ്വാസം രാഷ്ട്രീയ വത്കരിക്കാന്‍ പാടില്ല. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു.
സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്ന് കാട്ടി പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഇതിനു മുന്‍പ് വിമര്‍ശനം ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഗാനങ്ങളും പ്രചരിച്ചതും വിവാദമായിരുന്നു.