ഇന്ന് കര്‍ക്കിടകത്തിലെ തിരുവോണം,തിരുവോണത്തിന്റെ മുന്നറിയിപ്പുമായി ഗതകാലസ്മൃതികളുണര്‍ത്തി എത്തുന്ന പിള്ളേരോണമാണ് ഇന്ന്.

ഇന്ന് കര്‍ക്കിടകത്തിലെ തിരുവോണം. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി ഗതകാലസ്മൃതികളുണര്‍ത്തി എത്തുന്ന പിള്ളേരോണമാണ് ഇന്ന്. കുഞ്ഞോണത്തിന് പണ്ടൊക്കെ പൊന്നോണത്തിന്റെ പകിട്ടുണ്ടായിരുന്നു. കര്‍ക്കിടകത്തിലെ പിള്ളേരോണം മുതലായിരുന്നു അന്നൊക്കെ ചിങ്ങത്തിലെ ഓണാഘോഷത്തിന്റെ കേളികൊട്ട്.

പഴയ ആഘോഷങ്ങളും ആചാരങ്ങളും അപൂര്‍വതയായെങ്കിലും ചിലരെങ്കിലും ഇന്നും പഞ്ചാംഗം നോക്കി പിള്ളേരോണം ആഘോഷിക്കുന്നു. പിള്ളേരോണം കഴിഞ്ഞ് 27 നാളുകള്‍ പിന്നിട്ടാല്‍ ചിങ്ങത്തിരുവോണമായി. കുടുംബ കാരണവന്മാരായിരുന്നു പണ്ടൊക്കെ പിള്ളേരോണം കേമമാക്കാന്‍ മുന്‍ കൈയെടുത്തിരുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളോടെ പിള്ളേരോണം ആഘോഷിച്ചിരുന്നത് പ്രായംചെന്നവരുടെ മനസ്സില്‍ ഇന്നും നിറംമങ്ങാതെയുണ്ട്.

 

ഇന്നത്തെക്കാലത്ത്, ഒരു വഴിപാട് മാത്രമായി മാറിയിരിക്കുകയാണ് പിള്ളേരോണം. തിരുവോണത്തിനുള്ള പോലെ വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയ പൂക്കളം ഒരുക്കിയും പരിപ്പും പപ്പടവും ചേര്‍ത്ത് സദ്യ ഉണ്ടാക്കിയും പിള്ളേരോണം ആഘോഷിക്കാറുണ്ട്. പണ്ടുകാലങ്ങളില്‍ കുട്ടികള്‍ക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളില്‍ അമ്മമാര്‍ തയ്യാറാക്കിയിരുന്നു. ചിലയിടങ്ങളില്‍ കുട്ടികള്‍ കൈകളില്‍ മഞ്ഞളും മൈലാഞ്ചിയും ചേര്‍ത്തരച്ചണിയുന്ന പതിവും ഉണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക