തിരുവന്തപുരം: ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ എംഎല്‍എ മാത്യു കുഴല്‍നാടനും നേര്‍ക്കുനേര്‍.
ലൈഫ് മിഷനില്‍ നടന്നത് ശാസ്ത്രീയ അഴിമതിയാണെന്നും മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കുഴല്‍നാടന്‍ പച്ചക്കള്ളം പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കൊമ്ബുകോര്‍ത്തത്
ലൈഫ് മിഷനില്‍ നടന്നത് ശാസ്ത്രീയ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണിതെന്നും മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘അങ്ങയുടെ ഇടുതുവലതുനിന്നവര്‍ അറിയാതെയാണ് ഇടപാട് നടന്നതെന്ന് മുഖ്യമന്ത്രി പറയുമോ. ഇതിന്റെ നാള്‍വഴികള്‍ ഇഴകീറി പരിശോധിച്ചാല്‍ ഇതിന്റെ ബന്ധം വ്യക്തമാകും. മുഖ്യമന്ത്രി പല ആവര്‍ത്തി നിഷേധിച്ച കാര്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവരികയാണ്’ – മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
എന്നാല്‍ മാത്യു കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തന്നെ സ്വപ്ന കണ്ടിട്ടില്ല. അദ്ദേഹം ആ ഏജന്‍സിയുടെ വക്കീലായിട്ടാണ് വന്നതെങ്കില്‍ അത് ആ രീതിയല്‍ പറഞ്ഞുകൊള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇഡി കൊടുത്ത റിപ്പോര്‍ട്ട് തെറ്റെന്ന് പറയാമോ എന്ന് മാത്യു കുഴന്‍നാടന്‍ ചോദിച്ചു. തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം, പ്രതിപക്ഷം ഒപ്പം നില്‍ക്കാമെന്നും വ്യക്തമാക്കി.
‘എനിക്ക് അത്തരം ഉപദേശം വേണമെങ്കില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ചോളാം. ഇപ്പം എനിക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ എന്റെതായ, സര്‍ക്കാരിന്റെതായ സംവിധാനങ്ങള്‍ ഉണ്ട്. ഇദ്ദേഹത്തെ പോലെ ഒരാളുടെ ഉപദേശം അനുസരിച്ച് പോകേണ്ട ആവശ്യം എനിക്കില്ല’ – മുഖ്യന്ത്രി പറഞ്ഞു.
അതേസമയം വിഷയം മുന്‍പ് ചര്‍ച്ച ചെയ്തതാണെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി. ലൈഫ് സമാനതകളില്ലാത്ത സ്വപ്നസമാനമായ പദ്ധതിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്കെതിരായ സംഘടിത ആക്രമണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ കളിയാക്കാന്‍ എം.ബി.രാജേഷ് കുഞ്ചന്‍ നമ്ബ്യാരുടെ, ‘അതുകൊണ്ട് അരിശം തീരാതെ അവര്‍ ആ പുരയ്ക്ക് ചുറ്റും മണ്ടി നടക്കുന്നു’ എന്ന വരികളും ഉദ്ധരിച്ചു. സര്‍ക്കാരിന്റെ ഭൂമിയില്‍ ഒരു സംഘടന കെട്ടിടം പണിയുന്നു. ലൈഫ് മിഷനോ സര്‍ക്കാരിനോ ഒരു സാമ്ബത്തിക ഉത്തരവാദിത്തവുമില്ല. ലൈഫ് മിഷനിലെ ഒരു ഉദ്യോഗസ്ഥനും കോഴ വാങ്ങിയതായി ആരോപണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.