പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയായ ഒറ്റപ്പാലം മുള്ളൂർ സ്വദേശിയായ കൂന്നാരത്ത് വീട്ടിൽ സിദ്ധിക്ക് ബാകവി (43) എന്നയാളെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീമതി. ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി 53 വർഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
2019 ജനുവരി മാസം മുതലാണ് പലതവണയായി ലൈംഗിക പീഡനം നടന്നത്.
സംഭവങ്ങൾക്കു ശേഷം പീഡന വിവരങ്ങൾ കുട്ടി സ്കൂളിലെ അദ്ധ്യാപകരോട് പറയുകയും ഇതിനെ തുടർന്ന് മാതാപിതാക്കളെ അദ്ധ്യാപകർ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ വന്ന് പരാതി കൊടുത്തതിന് തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ് ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വക്കേറ്റ് അമൃതയും ഹാജരായി. 21 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ കെജി സുരേഷ് ആണ് ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുജിത്ത് കാട്ടിക്കുളവും പ്രവർത്തിച്ചിരുന്നു.